'ഒരു മതത്തിനും എതിരായ നിലപാട് സി.പി.എം സ്വീകരിക്കില്ല': ദൃശ്യാവിഷ്‌കാര വിവാദത്തിൽ എം.വി ഗോവിന്ദൻ
വിവാദം പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്
കോഴിക്കോട്: സ്‌കൂൾ കലോത്സവത്തിലെ ദൃശ്യാവിഷ്‌കാര വിവാദത്തെ കുറിച്ച് അറിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഒരു വിശ്വാസത്തിനും മതത്തിനും എതിരായ നിലപാട് സി.പി.എം സ്വീകരിക്കില്ലെന്നും അതിന് അപവാദമായി എവിടെയെങ്കിലും എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
61ാമത് സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തിൽ മുസ്ലിം വേഷം ധരിച്ച വ്യക്തിയെ തീവ്രവാദിയായി ചിത്രീകരിച്ചതിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. ദൃശ്യാവിഷ്‌കാരം തയ്യാറാക്കിയ വ്യക്തി ആർ.എസ്.എസ് പ്രവർത്തകനാണെന്നതിന്റെ തെളിവുകളും പുറത്തു വന്നിരുന്നു. സർക്കാരിന് സങ്കുചിത മനോഭാവമില്ലെന്നും എല്ലാവരും ഒറ്റ മനസ്സോടെ നിന്ന് മേള വിജയിപ്പിക്കണമെന്നും വിവാദം പരിശോധിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്.