സെലക്ഷൻ ട്രയൽസ് തടഞ്ഞ സംഭവം: പി.വി ശ്രീനിജിനെതിരെ സ്‌പോർട്‌സ് കൗൺസിൽ, നിയമനടപടിക്ക് ബ്ലാസ്റ്റേഴ്‌സ്
എം.എൽ.എയ്‌ക്കെതിരെ ബ്ലാസ്റ്റേഴ്‌സ് നിയമനടപടി സ്വീകരിച്ചാൽ പിന്തുണ നൽകുമെന്ന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അറിയിച്ചു
കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് സെലക്ഷൻ ട്രയൽസ് തടസപ്പെടുത്തിയ സംഭവത്തിൽ പി.വി ശ്രീനിജിൻ എം.എൽ.എയ്‌ക്കെതിരെ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ. എം.എൽ.എയുടെ നടപടിയിൽ കൗൺസിൽ അതൃപ്തി രേഖപ്പെടുത്തി. ബാസ്റ്റേഴ്‌സ് നിയമവഴികൾ സ്വീകരിച്ചാൽ പിന്തുണ നൽകുമെന്നും സ്‌പോർട്‌സ് കൗൺസിൽ അറിയിച്ചിട്ടുണ്ട്. അതേസമയം, പി.വി ശ്രീനിജിനെതിരെ നിയമനടപടികൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് നീക്കം നടത്തുന്നതായാണ് വിവരം.
കായികതാരങ്ങളുടെ വളർച്ചയിൽ പ്രധാന പങ്കുവഹിക്കാൻ സാധ്യതയുടെ ഒരു പരിപാടി തടസപ്പെടുത്തിയ ശ്രീനിജിൻ എം.എൽ.എയുടെ നടപടിയോട് സ്‌പോർട്‌സ് കൗൺസിൽ പൂർണമായ വിയോജിപ്പും അതൃപ്തിയും അറിയിച്ചിരിക്കുകയാണ്. അനാവശ്യമായി എം.എൽ.എ വിഷയത്തിൽ ഇടപെട്ടു. കരാറിൽ ഒപ്പുവച്ച കേരള ബ്ലാസ്റ്റേഴ്‌സിനും സ്‌പോർട്‌സ് കൗൺസിലിനും പ്രശ്‌നമില്ലാത്ത വിഷയത്തിൽ പുറത്തുനിന്ന് ഒരാൾ ഇടപെട്ട് എന്തിന് അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്ന വിലയിരുത്തലാണ് ഉയരുന്നത്.
വിഷയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, ശ്രീനിജിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം. ക്ലബ് നിയമനടപടി സ്വീകരിച്ചാൽ എല്ലാ പിന്തുണയും നൽകുമെന്ന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അറിയിച്ചത്.
മെയ് 22നാണ് ബ്ലാസ്റ്റേഴ്‌സ് സെലക്ഷൻ ട്രയൽസ് നടക്കേണ്ട പനമ്പിള്ളി നഗറിലെ സ്‌പോർട്‌സ് അക്കാദമി ഗ്രൗണ്ടിന്റെ ഗേറ്റ് പി.വി ശ്രീനിജിൻ എം.എൽ.എ പൂട്ടിയിട്ടത്. പനമ്പിള്ളി ഗവ. എച്ച്.എസ്.എസ്.എസിന്റെ വളപ്പിലാണ് സ്‌പോർട്‌സ് കൗൺസിലിന്റെ അക്കാദമി ഗ്രൗണ്ട് സ്ഥിതിചെയ്യുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടർ-17 ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് ആണ് ഇവിടെ നിശ്ചയിച്ചിരുന്നത്. ഇതിനായി കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽനിന്നായി നൂറുകണക്കിന് കുട്ടികളും രക്ഷിതാക്കളും എത്തിയിരുന്നു. എന്നാൽ, ഇവരെയെല്ലാം നാലു മണിക്കൂർ പൊരിവെയിലത്ത് നിർത്തിയാണ് എം.എൽ.എയുടെ നടപടി. സംഭവം വൻ പ്രതിഷേധത്തിനും വിമർശനത്തിനും വഴിവച്ചിരുന്നു.
അതേസമയം, എട്ടു ലക്ഷത്തോളം രൂപ ബ്ലാസ്റ്റേഴ്‌സ് സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന് നൽകാനുണ്ടെന്ന വാദത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ് ശ്രീനിജിൻ. എന്നാൽ, കുടിശ്ശിക പൂർണമായും അടച്ചുതീർത്ത ശേഷമാണ് കരാർ പുതുക്കിനൽകിയതെന്നാണ് കൗൺസിൽ അധ്യക്ഷൻ യു. ഷറഫലി വ്യക്തമാക്കിയത്. ഇതിനുമുൻപ് ജില്ലാ കൗൺസിലുമായ കരാറാണുണ്ടായിരുന്നത്. പിന്നീട് കരാർ സംസ്ഥാന കൗൺസിലിലേക്ക് മാറ്റുകയായിരുന്നു. ജില്ലാ കൗൺസിലിനാണ് പണം നൽകാനുള്ളതെന്നാണ് എം.എൽ.എയുടെ വാദം.
Summary: Kerala state sports council dismisses PV Sreenijin MLA in the disruption of Kerala Blasters selection trials