വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: എസ്.എഫ്.ഐ നേതാവിനെതിരെ കേരള സർവകലാശാല കർശന നടപടിയിലേക്ക്

കലിംഗ യൂണിവേഴ്സിറ്റിയുടെ കത്ത് ലഭിച്ച ശേഷം അച്ചടക്ക നടപടിയിലേക്ക് കടക്കും

Update: 2023-06-20 02:16 GMT

നിഖില്‍ തോമസ്

Advertising

തിരുവനന്തപുരം: എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന്‍റെ സർട്ടിഫിക്കറ്റ് വിവാദത്തിൽ കടുത്ത നടപടിക്കൊരുങ്ങി കേരള സർവകലാശാല. കലിംഗ യൂണിവേഴ്സിറ്റിയുടെ കത്ത് ലഭിച്ച ശേഷം അച്ചടക്ക നടപടിയിലേക്ക് കടക്കും. നിഖിൽ തോമസിനെ പ്രതിയാക്കി ഇന്ന് തന്നെ സർവകലാശാല ഡി.ജി.പിക്ക് പരാതിയും കൈമാറും.

എന്‍.ഐ.ആര്‍.എഫ് റാങ്കിങ്ങിൽ വലിയ നേട്ടം കൈവരിച്ചതിനിടെയുണ്ടായ വിവാദം ഗൗരവമായി കാണാനാണ് കേരള സർവകലാശാല തീരുമാനിച്ചിരിക്കുന്നത്. കലിംഗ യൂണിവേഴ്സിറ്റിയിൽ നിഖിൽ പഠിച്ചിട്ടുണ്ടോ എന്ന വിവരം കേരള സർവകലാശാല ഔദ്യോഗികമായി തേടും. ഇത് സംബന്ധിച്ച കത്ത് കലിംഗ യൂണിവേഴ്സിറ്റിക്ക് മെയിൽ വഴി ഇന്ന് അയക്കും. കത്തിന് മറുപടി വന്നാൽ ഉടൻ തന്നെ അടുത്ത നടപടിയിലേക്ക് കടക്കാനാണ് നിലവിലെ തീരുമാനം.

തിരിമറി നടന്നു എന്ന് കലിംഗ രജിസ്ട്രാർ വെളിപ്പെടുത്തിയ പശ്ചാത്തലത്തിൽ വിദ്യാർഥിയെ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് തന്നെ പുറത്താക്കും. സർവകലാശാലയ്ക്ക് കീഴിലുള്ള ഒരു കോഴ്സും നിഖിലിന് പഠിക്കാൻ കഴിയില്ല. അക്കാദമിക് തലത്തിലുള്ള നടപടി കൂടാതെ വിഷയത്തെ നിയമപരമായും സമീപിക്കാനാണ് സർവകലാശാലയുടെ തീരുമാനം. വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാക്കുറ്റം എന്നിവ ചൂണ്ടിക്കാട്ടി രജിസ്ട്രാർ ഇന്നു തന്നെ ഡി.ജി.പിക്കും പരാതി നൽകും.

സംഭവത്തിൽ കോളജ് അധികൃതർക്ക് വീഴ്ചയുണ്ടായി എന്നും സർവകലാശാല വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ അടിയന്തരമായി പ്രിൻസിപ്പലിനോട് വിശദീകരണം തേടും. മറുപടി തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കാനാണ് വൈസ് ചാൻസലറുടെ നിർദേശം.

നിഖിൽ തോമസിന്‍റെ വ്യാജ ഡിഗ്രി കേസിൽ കെ.എസ്.യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കും. പൊലീസ് നടപടി ആവശ്യപ്പെട്ട് ആലപ്പുഴ എസ്.പി ഓഫീസിലേക്ക് കെ.എസ്.യു മാർച്ച്‌ നടത്തും. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി എം.എസ്.എം കോളജ് പ്രിൻസിപ്പലിനെ പൊലീസ് ഇന്നലെ കണ്ടിരുന്നു.

വ്യാജ ഡിഗ്രി ചമച്ച കേസിൽ വഞ്ചനയ്ക്ക് ഇരയായ കോളജ് പരാതി നൽകിയാലെ കേസെടുക്കാനാകൂ എന്നാണു പൊലീസ് നിലപാട്. എന്നാൽ ഇതുവരെ കോളജ് പരാതി നൽകിയിട്ടില്ല. നിലവിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യറും ജനറൽ സെക്രട്ടറി മാഹിനും പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News