'നിഖിലിന്റെ എം.കോം അഡ്മിഷൻ റദ്ദാക്കും'; എസ്എഫ്‌ഐ വാദം തള്ളി കേരള വിസി
പ്രഥമ ദൃഷ്ട്യാ കലിംഗ യൂണിവേഴ്‌സിറ്റി സർട്ടിഫിക്കറ്റ് വ്യാജമാകാനാണ് സാധ്യതയെന്നന്നും വി.സി പറഞ്ഞു
തിരുവനന്തപുരം: ആലപ്പുഴയിലെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ വിശദീകരണവുമായി കേരള വിസി മോഹൻ കുന്നുമ്മൽ. നിഖിൽ തോമസിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമല്ലെന്ന എസ്എഫ്‌ഐയുടെ വാദം വിസി തള്ളുന്നു. കലിംഗ യൂണിവേഴ്‌സിറ്റി സർട്ടിഫിക്കറ്റിന്റെ ആധികാരികതയിൽ സംശയമുണ്ട്. പ്രഥമ ദൃഷ്ട്യാ അവിടുത്തെ സർട്ടിഫിക്കറ്റ് വ്യാജമാകാനാണ് സാധ്യത. നിഖിലിന്റെ എംകോം അഡ്മിഷൻ റദ്ദാക്കുമെന്നും വി.സി പറഞ്ഞു.
ഒരാൾക്ക് ഒരേസമയം രണ്ട് ഡിഗ്രി ചെയ്യാൻ പറ്റില്ല, നിഖിൽ തോമസ് 2017 മുതൽ 2020 വരെ മൂന്ന് വർഷവും കായംകുളം എംഎസ്എം കോളേജിൽ പഠിച്ചിരുന്നുവെന്നും പരീക്ഷയെഴുതിയിരുന്നു. 'കേരള' രേഖ പ്രകാരം വിദ്യാർഥിക്ക് മതിയായ ഹാജർ ഉണ്ട്. ഇന്റേണൽ മാർക്ക് ലഭിച്ചതും പരീക്ഷ എഴുതിയതും മതിയായ ഹാജരുള്ളതിനാലാണ്. പരീക്ഷ എഴുതാൻ 75 ശതമാനം ഹാജർ വേണം, അതുണ്ട്. കലിംഗയിൽ 25 ശതമാനം ഹാജർ മതിയെന്നാണോയെന്നും വി സി ചോദിച്ചു. നിഖിലിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് പരിശോധിക്കാൻ രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കലിംഗ സർവകലാശാലയോടും പരിശോധിക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കായംകുളം കോളേജിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ആ കോളേജിൽ മൂന്ന് വർഷം പഠിച്ച് തോറ്റ കുട്ടി ബികോം പാസായെന്ന രേഖ കാണിച്ചപ്പോൾ പരിശോധിച്ചില്ല. തോറ്റ വിദ്യാർഥി അതേ കോളജിൽ മറ്റൊരു സർട്ടിഫിക്കറ്റ് ഹാജരാക്കിയത് പരിശോധിക്കേണ്ടിയിരുന്നു. ഇതിൽ കോളജിന് ഗുരുതര വീഴ്ച പറ്റിയിട്ടുണ്ട്. ഇക്കാര്യത്തിൽ കോളജിനോട് വിശദീകരണം തേടും, കലിംഗയിൽ ഈ വിദ്യാർഥി പഠിച്ചിട്ടുണ്ടോ എന്നറിയില്ല. അതല്ല കലിംഗ സർവകലാശാലയുടെ ഭാഗത്താണ് തെറ്റെങ്കിൽ വിവരം യുജിസിയെ അറിയിക്കുമെന്നും വിസി വ്യക്തമാക്കി.
അതേസമയം നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്നായിരുന്നു എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ പറഞ്ഞത്. എസ്.എഫ്.ഐ ആലപ്പുഴ ഏരിയാ സെക്രട്ടറിയായിരുന്ന നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, ടി.സി ഉള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും യാഥാര്‍ഥ്യമാണെന്ന് എസ്.എഫ്.ഐക്ക് ബോധ്യപ്പെട്ടുവെന്നും ആര്‍ഷോ പറഞ്ഞു.നിഖില്‍ തോമസിന്റെ പി.ജി പ്രവേശനത്തില്‍ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും, ക്രമക്കേടും സാങ്കേതിക പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും ആര്‍ഷോ വ്യക്തമാക്കി.
കേരള സര്‍വകലാശാലക്ക് കീഴിലുള്ള കായംകുളം എം.എസ്.എം കോളേജില്‍ ഡിഗ്രി പഠനം ക്യാന്‍സല്‍ ചെയ്തിട്ടാണ് നിഖില്‍ കലിംഗയില്‍ പഠിക്കാന്‍ പോയതെന്നും, നിഖില്‍ അവിടെ പഠിച്ചത് റെഗുലര്‍ കോഴ്‌സാണെന്നും ആര്‍ഷോ പറഞ്ഞു.രണ്ട് ദിവസം നിഖില്‍ തോമസിനെ മാധ്യമങ്ങള്‍ കള്ളനാക്കിയെന്നും, അത് വ്യാജ ഡിഗ്രിയല്ലെന്ന് പറയാന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്നും ആര്‍ഷോ കൂട്ടിച്ചേര്‍ത്തു.