കെ ഫോൺ കണക്ഷൻ നാളെ മുതൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച പട്ടികപ്രകാരം ഒരു നിയമസഭാ മണ്ഡലത്തിലെ 100 വീടുകളിലാണ് കെ ഫോൺ ആദ്യഘട്ടത്തിൽ നൽകുന്നത്.
തിരുവനന്തപുരം: ഡിജിറ്റൽ കേരളത്തിന് കരുത്തേകാൻ സർക്കാരിന്റെ പദ്ധതിയായ കെ ഫോൺ നാളെ നാടിന് സമർപ്പിക്കും. ആദ്യഘട്ടത്തിൽ 30000 സർക്കാർ സ്ഥാപനങ്ങളിലും 14000 വീടുകളിലും കെ ഫോണിന്റെ സേവനം ലഭ്യമാകും. കുറഞ്ഞ ചെലവിൽ ഹൈസ്പീഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി എല്ലാ സ്ഥലത്തും എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച പട്ടികപ്രകാരം ഒരു നിയമസഭാ മണ്ഡലത്തിലെ 100 വീടുകളിലാണ് കെ ഫോൺ ആദ്യഘട്ടത്തിൽ നൽകുന്നത്. 30000 സർക്കാർ സ്ഥാപനങ്ങളിൽ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും കണക്ഷൻ എത്തും. 20 എം.ബി.പി.എസ് വേഗത മുതൽ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് സേവനം ഉപയോഗിക്കാം. ആവശ്യാനുസരണം വേഗത കൂട്ടാനും കഴിയും. കെ ഫോണിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി നിർവഹിക്കും.
ചടങ്ങിനോടനുബന്ധിച്ച് കെ ഫോൺ ഉപഭോക്താക്കളുമായി ഓൺലൈനിലൂടെ മുഖ്യമന്ത്രി സംവദിക്കും. കേരളത്തിന്റെ ഡിജിറ്റലൈസേഷനിൽ നാഴികകല്ലാണ് കെ ഫോണെന്ന് ഡയറക്ടർ ഡോക്ടർ സന്തോഷ് ബാബു പറഞ്ഞു. ഓഗസ്റ്റ് മാസത്തോടെ ആദ്യഘട്ടം പൂർത്തീകരിക്കാനാണ് സർക്കാർ നീക്കം. അതിന് ശേഷം വണിജ്യ കണക്ഷൻ നൽകുന്ന നടപടികളിലേക്ക് കടക്കും. ആദ്യവർഷം രണ്ടരലക്ഷം വാണിജ്യ കണക്ഷൻ നൽകാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. ഇതിലൂടെ പദ്ധതി ലാഭത്തിലാക്കാനാകുമെന്ന് കെ ഫോൺ അറിയിച്ചു.