കൊല്ലം വിസ്മയക്കേസ്; പ്രതി കിരണ്‍കുമാറിന് ജാമ്യം
കഴിഞ്ഞ ജൂൺ 21നാണ് ഭർതൃഗൃഹത്തിലെ ശുചിമുറിയിൽ വിസ്മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
കൊല്ലം വിസ്മയക്കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യം. സുപ്രിം കോടതിയാണ് ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമർപ്പിച്ച കേസിൽ ഇനിയും കസ്റ്റഡിയിൽ തുടരേണ്ട കാര്യമില്ലെന്ന വാദം അംഗീകരിച്ചാണ് കോടതി നടപടി. ജസ്റ്റിസ് സഞ്ജയ് കൌൾ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് കിരണ്‍ കുമാര്‍ സുപ്രിം കോടതിയെ സമീപിച്ചത്. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനായിരുന്ന പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനുമുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്.
കഴിഞ്ഞ ജൂൺ 21നാണ് ഭർതൃഗൃഹത്തിലെ ശുചിമുറിയിൽ വിസ്മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനം കൊണ്ടുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കിരൺകുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. സ്ത്രീധനമായി ലഭിച്ച കാർ മാറ്റിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് കുണ്ടറ ചിറ്റുമലയിലും വിസ്മയയുടെ നിലമേലുള്ള വീട്ടിലും വച്ച് കിരൺ വിസ്മയയെ പീഡിപ്പിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.