'എനിക്കെതിരെ കള്ളം പറഞ്ഞ് ജയിച്ചിട്ട് ഉളുപ്പുണ്ടെങ്കിൽ അയാൾ ഒരു മാപ്പെങ്കിലും പറയണ്ടേ'; കെ.വി സുമേഷ് എംഎൽഎയ്‌ക്കെതിരെ കെ.എം ഷാജി
- തെരഞ്ഞെടുപ്പിൽ ഇത്തരമൊരു കള്ളക്കഥ ഉപയോഗിക്കുന്നതിൽ എന്ത് ധാർമികതയാണ് സിപിഎമ്മിന് എന്താണ് പറയാനുള്ളതെന്നും കെ.എം ഷാജി ചോദിച്ചു.
കോഴിക്കോട്: തനിക്കെതിരെ കള്ളം പറഞ്ഞുപ്രചരിപ്പിച്ചിട്ടാണ് അഴീക്കോട് കെ.വി സുമേഷ് എം.എൽ.എ ആയതെന്നും വിജയമെന്നും ആ വിജയത്തിന്റെ സാംഗത്യം സിപിഎം പരിശോധിക്കണ്ടേയെന്നും പ്ലസ് ടു കോഴക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ലീഗ് നേതാവ് കെ.എം. ഷാജി. അയാൾ രാജിവെക്കണം എന്നൊന്നും താൻ പറയുന്നില്ല. എന്നാൽ, ഉളുപ്പുണ്ടെങ്കിൽ ഒരു മാപ്പെങ്കിലും പറയേണ്ട. ഇതിന്റെ പേരിൽ വാങ്ങിയ വോട്ടിനെ കുറിച്ച്. അത്ര ചെറിയ മാർജിനിലല്ലേ ജയിച്ചത്.
തെരഞ്ഞെടുപ്പിൽ ഇത്തരമൊരു കള്ളക്കഥ ഉപയോഗിക്കുന്നതിൽ എന്ത് ധാർമികതയാണ് സിപിഎമ്മിന് എന്താണ് പറയാനുള്ളതെന്നും കെ.എം ഷാജി ചോദിച്ചു. അഴീക്കോട് സ്‌കൂളിൽ പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം രൂപ അനുവദിക്കാൻ കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കേസിൽ നിയമനടപടികൾ റദ്ദാക്കിയ സാഹചര്യത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഷാജിയുടെ പ്രതികരണം.
അതേസമയം, സർക്കാർ ശമ്പളം പറ്റുന്ന ഒരു അധ്യാപകൻ പൈസ ചോദിച്ചു എന്ന് കോടതിയിൽ ഉണ്ടല്ലോ. അയാളെവിടെ?. അയാളുടെ പേരിലും കേസെടുക്കണ്ടേ? എനിക്ക് ആശ്വാസമായി ഞാൻ പോയാൽ പോരല്ലോ. നീതിന്യായം തലനാരിഴ കീറി പരിശോധിക്കുന്ന സർക്കാരല്ലേ. ഈ അധ്യാപകൻ പൈസ ചോദിച്ചതിന് തെളിവുണ്ടല്ലോ?. അപ്പോൾ ഈ അധ്യാപകനെതിരെ നടപടി വേണ്ടേ?. സർക്കാർ ശമ്പളം വാങ്ങുന്നവർക്ക് ഏതെങ്കിലും രാഷ്ട്രീയപാർട്ടികളുടെ ഏജന്റുമാരായിട്ട് പണം പിരിക്കാൻ അനുവാദമുണ്ടോ?- ഷാജി ചോദിച്ചു.
ഈ കേസ് അവസാനിക്കുമ്പോൾ ഒരാശ്വാസം എന്ന വാക്കിൽ അവസാനിക്കരുത്. ഇതിന്റെ നാൾവഴികൾ പരിശോധിക്കണം. 19-9-2017ലാണ് കുടുവൻ പപ്പൻ എന്നയാൾ എനിക്കെതിരെ പരാതി കൊടുക്കുന്നത്. ഇയാൾ സിപിഎംകാരനാണ്. സാധാരണ ക്വട്ടേഷനാണ് നടക്കുന്നത്. 52 വെട്ടിന് ആളുകളെ കൊല്ലാൻ പറഞ്ഞുവിടുന്ന ഗുണ്ടാ സിപിഎമ്മിന് രണ്ട് ലൈനുണ്ട്. ഒന്ന് മാനസികമായി കൊല്ലുന്ന ടീം, മറ്റൊന്ന് ഗുണ്ടകളെ ഉപയോഗിച്ച് കൊല്ലുന്ന ഷാഫിയെ പോലുള്ള ടീം. അങ്ങനെ മാനസികമായി കൊല്ലുന്നയാളാണ് ഈ പപ്പൻ. ആ പപ്പനെ ഉപയോഗിച്ചാണ് എനിക്കെതിരെ കേസ് കൊടുത്തത്.
ഈ കേസിന്റെ ശരവേഗം നോക്കണം. അതിന്റെ പിറ്റേന്ന് മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടു. അതാണ് ഈ കേസിന്റെ പ്രാഥമികമായ തമാശ. കേരളത്തിലിങ്ങനൊരു കേസുണ്ടായിട്ടില്ല. അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി ഈ കേസിനെ കുറിച്ച് പറയുമ്പോൾ അതിനുള്ളിൽ നടന്നിട്ടുള്ള കള്ളക്കളിയിലെ തുടക്കമാണത്. കണ്ണൂരിലെ അഴീക്കോട് നിന്ന് പരാതി തിരുവനന്തപുരത്തെത്തും മുമ്പ് മുഖ്യമന്ത്രി അതിൽ ഒപ്പിട്ടു. തുടർന്ന് 23-11-2017ൽ നിയമോപദേശം തേടി. ഈ കേസ് നിൽക്കുമോ എന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചോദ്യത്തിന്, ഒരു കാരണവശാലും നിൽക്കില്ല എന്നായിരുന്നു നിയമോപദേശം. വിജിലൻസിന്റെ നിയമോപദേശകനാണ് അത് പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കരുതെന്ന് പറഞ്ഞതോടെ, പിന്നീട് ഈ കേസ് വിജിലൻസ് ഇ.ഡിക്ക് കൈമാറി. ഇ.ഡിയെ ക്ഷണിച്ചുവരുത്തിയതാണെന്നും പിന്നീട് ഇ.ഡി ഉദ്യോഗസ്ഥൻ വന്ന് പിണറായിക്കു വേണ്ടി സമ്മർദം ചെലുത്തിയെന്നും ഒരുപാട് മാനസികമായി പീഡിപ്പിച്ചെന്നും കെ.എം ഷാജി വ്യക്തമാക്കി. കോഴിക്കോട് ലോ കോളജിൽ എസ്.എഫ്.ഐയ്കക്ക് വേണ്ടി തല്ലുപിടിച്ച് നടന്നിരുന്നയാളായിരുന്നു ഇ.ഡി ഉദ്യോഗസ്ഥനെന്നും ഷാജി കൂട്ടിച്ചേർത്തു. ഇന്നലെയാണ് ഹൈക്കോടതി കെ.എം ഷാജിക്കെതിരായ ഇ.ഡി കേസ് റദ്ദാക്കിയത്.