'ചാനൽ മൈക്ക് അങ്ങോട്ടുമിങ്ങോട്ടും വലിച്ചു കേടുവരുത്തുകയാണ്, ചാനലുകാർ കേസ് കൊടുക്കാൻ സാധ്യതയുണ്ട്': നേതൃത്വത്തിനെതിരെ കെഎം ഷാജി
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനായത് പ്രാദേശിക നേതാക്കളുടെ മികവാണ്. സംസ്ഥാന നേതാക്കളുടെ വിശ്വാസ്യതക്കുറവാണ് നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍ക്കാന്‍ കാരണം. ദേശീയ സംസ്ഥാന നേതാക്കള്‍ കപടരാണെന്ന് പ്രവര്‍ത്തകരും ജനങ്ങളും വിശ്വസിക്കുന്നുണ്ട്-കെ.എം ഷാജി പറയുന്നു
മുസ്‌ലിം ലീഗ് നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശവുമായി കെ.എം ഷാജി. പാര്‍ട്ടിക്ക് ഒരു സ്ട്രക്ചര്‍ ഉണ്ടാക്കണം. ഭരണഘടന ലീഗ് ഓഫീസിലും നമ്മള്‍ റോഡിലും എന്ന രീതി പറ്റില്ലെന്നും കെ.എം ഷാജി പറഞ്ഞു. ചാനല്‍ മൈക്ക് അങ്ങോട്ടും ഇങ്ങോട്ടും വലിച്ച് കേടുവരുത്തുകയാണ്. ചാനലുകാര്‍ കേസ് കൊടുക്കാന്‍ സാധ്യതയുണ്ട്. പാര്‍ട്ടിക്ക് ഒരു വക്താവിനെ വെക്കാന്‍ തയ്യാറാകണം. സാമ്പത്തിക ഇടപാടുകള്‍ നേതൃനിരയിലെ പ്രധാന നേതാക്കങ്ങള്‍ അറിഞ്ഞാകണമെന്നും ഷാജി പറഞ്ഞു.
ലീഗ് നേതൃയോഗത്തില്‍ കെ.എം ഷാജി പറഞ്ഞത്:
'നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കരുതെന്ന് അദ്ദേഹത്തോടും ഹൈദരലി തങ്ങളോടും സാദിഖലി തങ്ങളോടും ഞാന്‍ പറഞ്ഞിട്ടുണ്ട്. യുഡിഎഫ് വിജയിച്ചാല്‍ അദ്ദേഹത്തിന് മത്സരിച്ച് മന്ത്രിയാകാനുള്ള അവസരമുണ്ടാകണം എന്ന നിലപാടും ഞാനെടുത്തു. ഇതൊന്നും പരിഗണിക്കാതിരുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കി. കുഞ്ഞാലിക്കുട്ടി മടങ്ങിവന്ന സാഹചര്യം ഇപ്പോഴും പാര്‍ട്ടിയില്‍ വിശദീകരിച്ചിട്ടില്ല. കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിടാന്‍ എന്നോട് ആവശ്യപ്പെട്ടപ്പോള്‍ ഞാനത് നിരാകരിച്ചു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനായത് പ്രാദേശിക നേതാക്കളുടെ മികവാണ്. സംസ്ഥാന നേതാക്കളുടെ വിശ്വാസ്യതക്കുറവാണ് നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍ക്കാന്‍ കാരണം. ദേശീയ സംസ്ഥാന നേതാക്കള്‍ കപടരാണെന്ന് പ്രവര്‍ത്തകരും ജനങ്ങളും വിശ്വസിക്കുന്നുണ്ട്. പാര്‍ട്ടി ഫണ്ട് ഒരാള്‍ തനിച്ച് കൈകാര്യം ചെയ്യേണ്ടതല്ല. എല്ലാവരെയും അറിയിച്ചില്ലെങ്കിലും നാലോ അഞ്ചോ പേരെങ്കിലും കണക്ക് അറിഞ്ഞിരിക്കണം. പടച്ചവനോട് മറുപടി പറയേണ്ടി വരും എന്ന കാര്യമെങ്കിലും നേതൃത്വത്തിന് ബോധ്യമുണ്ടാകണം. പാര്‍ട്ടി ഫണ്ട് വിനിയോഗത്തെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ല എന്നാണ് അബ്ദുല്‍ വഹാബ് പറയുന്നത്. അതൊരു മേന്‍മയല്ല. അറിയാനും പാര്‍ട്ടിയെ അറിയിക്കാനും ഇടപെടുകയാണ് വഹാബ് ചെയ്യേണ്ടത്. പാര്‍ട്ടിയില്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ല. കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ ചായ അടിക്കുന്നവന്‍ അറിയുന്ന കാര്യങ്ങള്‍ പോലും സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ അറിയുന്നില്ല.
സ്ഥാനാര്‍ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങള്‍ ഇവരാണ് ആദ്യം അറിയുന്നത്. കെ.പി.എ മജീദിനോട് സ്ഥാനാര്‍ഥിത്വം വേണോ എന്ന് ചോദിച്ചത് പോലെ എന്നോട് ഏതെങ്കിലും മുതലാളി ചോദിച്ചിരുന്നെങ്കില്‍ അടിച്ച് ചെവിക്കല്ല് ഞാന്‍ പൊട്ടിക്കും. അഴീക്കോട് തോല്‍ക്കും എന്ന് ഞാന്‍ നേരത്തേ പറഞ്ഞതാണ്. എന്നെ നിര്‍ബന്ധിച്ച് അവിടെ തന്നെ മത്സരിപ്പിച്ചു. ഞാന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ബാധ്യത പാര്‍ട്ടി ഏറ്റെടുക്കണമെന്നും ഞാന്‍ നേരത്തേ പറഞ്ഞതാണ്. എന്നാല്‍ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും നല്‍കിയ പണം എനിക്ക് ലഭിച്ചില്ല. എനിക്കെതിരെ കള്ളപ്രചാരണം പാര്‍ട്ടിയില്‍ തന്നെ നടക്കുന്ന സ്ഥിതിയുമുണ്ടായി. പതിനാറ് പേര്‍ ഇരുന്ന് വാര്‍ത്താസമ്മേളനം നടത്തുന്ന ഏര്‍പ്പാട് ലീഗില്‍ മാത്രമാണുള്ളത്.
ചാനല്‍ മൈക്ക് അങ്ങോട്ടും ഇങ്ങോട്ടും വലിച്ച് കേടുവരുത്തുകയാണ്. ചാനലുകാര്‍ കേസ് കൊടുക്കാന്‍ സാധ്യതയുണ്ട്. പാര്‍ട്ടിക്ക് ഒരു വക്താവിനെ വെക്കാന്‍ തയ്യാറാകണം. പാര്‍ട്ടിയുടെ ദേശീയ തലത്തിലെ പ്രവര്‍ത്തനം എന്ന് പറഞ്ഞ് ചിലര്‍ ഡല്‍ഹിയില്‍ പോയി കിടന്നുറങ്ങുകയാണ്. നാല് കമ്പിളിപ്പുതപ്പ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ കൊടുത്താല്‍ ദേശീയ പ്രവര്‍ത്തനമാകില്ല. കുറഞ്ഞത് കര്‍ണാടകത്തിലെങ്കിലും പാര്‍ട്ടിയെ ഗൗരവത്തോടെ സംഘടിപ്പിക്കണം. ദേശീയ തലത്തിലും അന്തര്‍ദേശീയ വിഷയങ്ങളിലും പാര്‍ട്ടിക്ക് നയവും നിലപാടുമാണ് ആദ്യം രൂപീകരിക്കേണ്ടത്. സംഘപരിവാറിനോട് സമവായം പറ്റില്ല. യുഡിഎഫിന് ഭരണം കിട്ടാത്തതില്‍ ഞാന്‍ സന്തോഷവാനാണ്. കിട്ടിയിരുന്നെങ്കില്‍ ഇതുപോലെ കൂടിയിരിക്കുമായിരുന്നില്ല.
ഏതെങ്കിലും മന്ത്രിയുടെ വീട്ടില്‍ സദ്യയും അടിച്ചു സൂപ്പിന്റെ മാഹാത്മ്യം പറയുന്ന തിരക്കിലാകും നമ്മള്‍. തോല്‍വി പഠിക്കാന്‍ പാര്‍ട്ടി സമിതിയെ നിശ്ചയിക്കണം. ഓരോ ജില്ലയിലും പോയി തെളിവെടുക്കണം. പാര്‍ട്ടിക്ക് ഒരു സ്ട്രക് ചര്‍ ഉണ്ടാക്കണം. ഭരണഘടന ലീഗാപ്പീസിലും നമ്മള്‍ റോഡിലും എന്ന രീതി പറ്റില്ല. യൂത്ത് ലീഗില്‍ സീനിയര്‍ വൈസ് പ്രസിഡണ്ട് ഒക്കെ ഉണ്ടായത് ഏത് ഭരണഘടന നോക്കിയാണ്. രണ്ട് തവണ ലീഗ് ഹൗസില്‍ വന്നാല്‍ വര്‍ക്കിങ് കമ്മിറ്റിയില്‍ അംഗമാകുന്ന സ്ഥിതിയാണ്. പെണ്‍കുട്ടികളെയും സ്ത്രീകളെയും അഭിസംബോധന ചെയ്യാതെ പാര്‍ട്ടിക്ക് മുന്നോട്ടു പോകാനാകില്ല' .