നമുക്കിടയില്‍ ചിലരുണ്ട്, അവരുടെ ചില കാര്യങ്ങള്‍ ശരിയായാല്‍ സമുദായത്തിന്റെ എല്ലാം ശരിയായെന്ന് കരുതുന്നവര്‍; ഖാഇദെ മില്ലത്തിന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് കെ.എം ഷാജി
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് സ്ഥാപകന്‍ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ ജന്‍മദിനത്തല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ച് കെ.എം ഷാജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നമുക്കിടയില്‍ ചിലരുണ്ട് നാമൊരു സമുദായമാണെന്നും ഇന്നാട്ടിലെ അന്തസ്സുള്ള പൗരന്മാരാണെന്ന അവകാശത്തോടെ ജിവിക്കേണ്ടവരാണെന്നും ഓര്‍ക്കാന്‍ അവര്‍ക്ക് സമയമില്ല.
തങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ മാത്രം അങ്ങിങ്ങ് ശരിയായി കിട്ടിയാല്‍ മതി.
അതോടെ സമുദായത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്നാണവര്‍ പറഞ്ഞ് നടക്കുക-പോസ്റ്റില്‍ പറയുന്നു
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ്
ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗിൻ്റെ പ്രഥമ പ്രസിഡണ്ട്
മികച്ച പാർലമെൻ്റെറിയൻ.
ഇന്ത്യൻ ഭരണഘടനയുടെ ശിൽപികളിലൊരാൾ.
ആശയസമൃദ്ധമായ ഖാഇദെ മില്ലത്തിൻ്റെ സംസാരങ്ങളിൽ ഒരിടത്ത് ഇങ്ങനെ പറയുന്നു.
"നമുക്കിടയിൽ ചിലരുണ്ട് നാമൊരു സമുദായമാണെന്നും ഇന്നാട്ടിലെ അന്തസ്സുള്ള പൗരന്മാരാണെന്ന അവകാശത്തോടെ ജിവിക്കേണ്ടവരാണെന്നും ഓർക്കാൻ അവർക്ക് സമയമില്ല.
തങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ മാത്രം അങ്ങിങ്ങ് ശരിയായി കിട്ടിയാൽ മതി.
അതോടെ സമുദായത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നാണവർ പറഞ്ഞ് നടക്കുക.
ഇവർ ചോദിക്കുന്നു
''മുസ് ലിം ലീഗ് എന്തിനാണ്?
ലീഗ് എന്താണ് ഇത് വരെ ചെയ്തത് എന്നൊക്കെ.
ഒരു രാജ്യത്ത് ഒരു രാഷ്ട്രീയ പാർട്ടി പ്രവർത്തിക്കുന്നത് ഒരു തുണിക്കട നടത്തുന്നത് പോലല്ല.
ഇന്നെത്ര കച്ചവടം?
മുതലെന്ത്?
ലാഭമെന്ത്?
എന്നൊക്കെ ചോദിക്കുന്നത് പോലെ ഒരു നാടൻ കച്ചവടമല്ല രാഷ്ട്രീയം.
അന്നന്ന് കൂട്ടി കിഴിച്ച് കണക്ക് നോക്കുന്ന വരവ് ചെലവ് കാര്യവുമല്ല അത് ."
ന്യൂനപക്ഷ രാഷ്ട്രീയത്തെ ക്കുറിച്ചും അതിൻ്റെ നിലനിൽപിൻ്റെ അനിവാര്യതയെ അടിസ്ഥാനമാക്കിയും അദ്ദേഹം പറഞ്ഞ ഈ പ്രസ്താവനയിലുണ്ട് എല്ലാം.
പറഞ്ഞു പോയതും പറഞ്ഞു വെച്ചതുമായ എത്രയെത്ര പ്രസംഗങ്ങളാണ് നമ്മെ മുന്നാട്ട് നയിച്ചത്.
സ്വതന്ത്ര ഇന്ത്യയിൽ ആത്മാഭിമാനത്തിൻ്റെ പതാക ഉയർത്തിയ പ്രിയ നേതാവിൻ്റെ സ്മരണകളിൽ ..
പ്രാർത്ഥനകളോടെ...