'സാംസ്‌കാരിക പരിപാടിയാണെന്ന് മനസ്സിലാക്കിയാണ് പങ്കെടുത്തത്'; ആർഎസ്എസ് സ്വീകരണ വിവാദത്തിൽ വിശദീകരണം നൽകി കെ.എൻ.എ ഖാദർ

പാർട്ടി എന്ത് നടപടിയെടുത്താലും അംഗീകരിക്കുമെന്നു മുൻ എംഎൽഎ

Update: 2022-06-24 11:33 GMT
Advertising

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് വിവാദത്തിലായ മുസ്ലിം ലീഗിന്റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മുൻ എംഎൽഎയുമായ കെ.എൻ.എ ഖാദർ മുസ്‌ലിം ലീഗിന് വിശദീകരണം നൽകി. സാംസ്‌കാരിക പരിപാടിയാണെന്ന് മനസ്സിലാക്കിയാണ് പങ്കെടുത്തതെന്നാണ് അദ്ദേഹം വിശദീകരണം നൽകിയത്. സംഭവം പാർട്ടിക്ക് പ്രയാസമുണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കാമെന്നും ഖാദർ അറിയിച്ചു. പാർട്ടി എന്ത് നടപടിയെടുത്താലും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശദീകരണം സംബന്ധിച്ച് ചർച്ചക്ക് ശേഷം ലീഗ് നിലപാട് സ്വീകരിക്കും.

ആർഎസ്എസ് നേതാക്കൾ കേസരി ഓഫീസിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്ത  കെ.എൻ.എ ഖാദറിനോട് വിശദീകരണം തേടിയതായി മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം അറിയിച്ചിരുന്നു. വിവാദമായ സാഹചര്യത്തിൽ പരിപാടിയിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് കെഎൻഎ ഖാദർ രംഗത്തെത്തിയിരുന്നു. സാംസ്‌കാരിക പരിപാടിയെന്ന നിലയിലാണ് പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ദുഷ്പ്രചാരണം നടത്തുന്നത് ശരിയല്ല. പരിപാടിയിൽ പങ്കെടുത്തത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. സാദിഖലി ശിഹാബ് തങ്ങളും മുസ്‌ലിം ലീഗും സ്വീകരിക്കുന്ന നിലപാടാണ് തന്റേതെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

എന്നാൽ കെ.എൻ.കെ ഖാദറിനെതിരെ പരോക്ഷ വിമർശനവുമായി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ രംഗത്ത് വന്നിരുന്നു. വയനാട്ടിൽ നടന്ന മുസ്ലിം ലീഗ് പരിപാടിയിലാണ് തങ്ങളുടെ പ്രതികരണം.'അച്ചടക്ക ബോധമുള്ള പാർട്ടിക്കാരാകുമ്പോൾ ആരെങ്കിലും വിളിച്ചാൽ അപ്പോഴേക്കും പോകേണ്ട. എവിടേക്ക് പോകുമ്പോഴും വരുമ്പോഴും നാം നോക്കണം. നമുക്ക് അങ്ങോട്ടു പോകാൻ പറ്റുമോ എന്ന് ചിന്തിക്കണം. അതിന് സാമുദായികമായ പ്രത്യേകതകൾ നോക്കേണ്ടി വരും. രാജ്യസ്നേഹപരമായ പ്രത്യേകതകൾ നോക്കേണ്ടി വരും. സാമൂഹികമായ പ്രത്യേകതകൾ നോക്കേണ്ടി വരും. അതല്ലാതെ ആരെങ്കിലും വിരുന്നിന് വിളിച്ചാൽ അപ്പത്തന്നെ പോകേണ്ട കാര്യം മുസ്ലിംലീഗുകാരെ സംബന്ധിച്ച് ഇല്ല'' വയനാട്ടിൽ നടന്ന മുസ്ലിംലീഗ് പരിപാടിയിൽ തങ്ങൾ നിലപാട് വ്യക്തമാക്കി.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

Similar News