'ലോകം മാറും, കാലം മാറും, കളിമാറും'; കളിയെ കളിയായി കാണണമെന്ന് കെ.എൻ.എ ഖാദർ

'മനുഷ്യരുടെ ജന്മസിദ്ധമായ വീറും വാശിയും മാത്സര്യങ്ങളും വൈകാരികതയും ശാന്തമാക്കി വിവേകവും ബുദ്ധിയും കരുത്തും മിടുക്കും സന്തോഷവുമാക്കി അവനെ പരിവർത്തിപ്പിക്കുന്ന മഹത്തായ കളിയാണ് ഫുട്‌ബോൾ'

Update: 2022-11-25 08:57 GMT
Editor : Lissy P | By : Web Desk
Advertising

മലപ്പുറം: കളിയെ കളിയായി കാണണമെന്നും അത് ആസ്വദിക്കാനുള്ളതാണെന്നും മുസ്‍ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എൻ.എ ഖാദർ. കളി കളി മാത്രമാണ്. അതിൽ ശത്രുതയില്ല, പകയില്ല ആസ്വദിക്കുക ആഹ്ലാദിക്കുക അതു മാത്രം ചെയ്യണമെന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

'മനുഷ്യ വംശത്തിന്റെ നാളിതുവരെയുള്ള ചരിത്രം അത്രയേറെ നല്ലതൊന്നുമല്ല. മനുഷ്യർ വളരെ സാത്വിക സ്വഭാവമുള്ള നിഷ്‌കളങ്ക ജീവികളൊന്നുമല്ലെന്ന് ചരിത്രം പറയുന്നു. ഇപ്പോൾ നാം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ചരിത്രം അതിലേറെ വഷളാണെന്ന് വരും തലമുറകൾ പറയും. അങ്ങിനെ നോക്കിയാൽ ലോകകപ്പും ഒളിമ്പിക്‌സും ക്രിക്കറ്റും ഒന്നും ഒരു രാജ്യത്തും നടത്താൻ പറ്റില്ലെന്നും അദ്ദേഹം പറയുന്നു.

'മനുഷ്യരുടെ ജന്മസിദ്ധമായ വീറും വാശിയും മാത്സര്യങ്ങളും വൈകാരികതയും ശാന്തമാക്കി വിവേകവും, ബുദ്ധിയും കരുത്തും മിടുക്കും സന്തോഷവുമാക്കി അവനെ പരിവർത്തിപ്പിക്കുന്ന മഹത്തായ കളിയാണ് ഫുട്‌ബോൾ. വിജയ പരാജയത്തിലും സന്തുലിതാവസ്ഥ കൈവിടരുത്. മിതത്വം നിലനിറുത്തുക. എല്ലാത്തിനും സാക്ഷിയാവുക.തോറ്റാലും ജയിച്ചാലും ലോകം മാറും, കാലം മാറും, കളിമാറും. എന്തായാലും എനിക്കൊരു ടീമില്ല അതിനാൽ എല്ലാ ടീമും എന്റെ ടീമാണ്'. എല്ലാ കളിക്കാരും എന്റെ കളിക്കാരാണെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കെ.എൻ.എ ഖാദറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം....

കളിയെ കളിയായി കാണണം. ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ, അത് നടത്താൻ തയ്യാറുള്ള ഏതു രാജ്യത്തും നടത്താവുന്നതാണ്. അതിനു ആവശ്യമായ സൗകര്യങ്ങൾ, വേണമെന്ന് മാത്രം. മത്സരം നടക്കുന്ന രാഷ്ട്രത്തിന്റെ, ആഭ്യന്തര അന്താരാഷ്ട്ര നയങ്ങൾ തിരുത്താനോ, പുനരാവിഷ്കരിക്കാനോ, ഈ മത്സരം ഒരു കാരണമല്ല. അങ്ങിനെ ഒരു നിബന്ധനയും ആർക്കും മുന്നോട്ടു വെക്കാനാവില്ല.

സാമൂഹ്യ നീതി, ജനാധിപത്യം, മനുഷ്യാവകാശങ്ങൾ ,എന്നിവ എല്ലാ കാലത്തും, എല്ലാവരും മാനിക്കണം. അതും ഫുട്ബോൾ മത്സരങ്ങളും വേറിട്ട് കാണണം . ഭരിക്കുന്നവരുടെയും, ഭരണീയരുടെയും, ജാതിയും, മതവും, നിറവും, ആഹാര ശീലവും, വസ്ത്ര ധാരണ രീതികളും ഭാഷയും  സാമ്പത്തിക നയവും നിലപാടുകളും ഓരോ രാജ്യത്തും വ്യത്യസ്തമാണ്. ഈ വൈവിധ്യമാണ്, ലോകത്തിന്റെ സൗന്ദര്യം.

ലോക പൊലീസു ചമയുന്ന ചില സാമ്രാജ്യത്വ രാഷ്ട്രങ്ങളും, വർണ്ണ വിവേചനവും, വർഗ്ഗീയതയും കൈമുതലാക്കിയ മാധ്യമ രംഗത്തെ വൻകിടക്കാരിൽ ചിലരും, ഖത്തർ രാജ്യത്തെയും ജനങ്ങളെയും ഇകഴ്ത്താനും പരിഹസിക്കാനും ശ്രമിച്ചതു അവരുടെ അഹങ്കാരം കൊണ്ടാണ്. ഖത്തർ പോലെ വലിപ്പത്തിൽ  ഒരു കുഞ്ഞു രാഷ്ട്രം ഇത്ര ഗംഭീരമായി,  ഇത്ര ഭാവനാ സമ്പന്നമായി, വിസ്മയാവഹമായി, ഇത്ര ഭീമൻ തുക ചിലവഴിച്ചു, ഒരു മഹാ മേള നടത്തുന്നത്, കണ്ടു കണ്ണു തള്ളിയ, വല്യേട്ടൻ മാർക്ക്, സഹിക്കാൻ വയ്യാതെയാണ്, നുണ പ്രചരണങ്ങളും, കെട്ടി ചമച്ച വാർത്തകളുമായി, ഉറഞ്ഞു തുള്ളിയത്.

ഉദ്ഘാടനം കൊണ്ട് തന്നെ, ഖത്തർ അവരെ മുട്ട് കുത്തിച്ചു. കറുത്ത വർഗ്ഗക്കാരനെയും, ഭിന്ന ശേഷിക്കാരനെയും, കളിയരങ്ങിന്റെ നെറുകയിലെത്തിച്ച് അവർ പകരം വീട്ടി. കളിയിൽ ഒന്നും പ്രവചിക്കാനാവില്ല. എവിടെയും നടത്താം. ആരും ജയിക്കാം .കളി നടക്കുന്ന ഏതു രാജ്യത്തിന്റെ, ചരിത്രം ചികഞ്ഞുനോക്കിയാലും, നല്ലതും, ചീത്തതും, കാണും. ഏറ്റക്കുറച്ചിലുണ്ടാകാമെന്നു മാത്രം.രാഷ്ട്രം എന്നാൽ, ഭൂമിക്കു മുകളിലും, കടലിലും, ആകാശത്തും ,ആരോ വരച്ചതും ഇടക്ക് പലപ്പോഴും മാറ്റി വരച്ചിട്ടുള്ളതുമായ വരകളല്ല. ജീവനുള്ള മനുഷ്യരാണ്. മനുഷ്യ വംശത്തിന്റെ, നാളിതുവരെ യുള്ള ചരിത്രം, അത്രയേറെ നല്ലതൊന്നുമല്ല. മനുഷ്യർ വളരെ സാത്വിക സ്വഭാവമുള്ള നിഷ്കളങ്ക ജീവികളൊന്നുമല്ലെന്ന് ചരിത്രം പറയുന്നു.

ഇപ്പോൾ നാം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ചരിത്രം, അതിലേറെ വഷളാണെന്ന്, വരും തലമുറകൾ പറയും .ഇന്നത്തെ സാമൂഹ്യ വ്യവഹാരത്തിന്റെ, പണി ശാലകൾ അതിനു സാക്ഷിയാണ്.അങ്ങിനെ നോക്കിയാൽ, ലോക കപ്പും, ഒളിമ്പിക്സും, ക്രിക്കറ്റും, ഒന്നും ഒരു രാജ്യത്തും നടത്താൻ പറ്റില്ല.ഹിറ്റ്ലരുടെ ജർമ്മനി യിലോ,മുസ്സോലിനിയുടെ ഇറ്റലിയിലൊ,

സ്റ്റാലിന്റെ റഷ്യയിലൊ മാവോയുടെ ചൈനയിലൊ,ഫ്രാങ്കൊയുടെ സ്പെയിനിലൊ, പോൾപോട്ടിന്റെ കമ്പോഡിയയിലൊ, ചൗഷസ്ക്യുവിന്റെ റൊമാനിയയിലൊ, അമേരിക്കയിലോ, ഇംഗ്ലണ്ടിലൊ, അതു പോലെ എത്രയോ രാഷ്ട്രങ്ങൾ അവിടങ്ങളിൽ ഒന്നും ഇതു നടത്താനാവില്ല . വംശീയ കൂട്ടക്കൊലകൾ, രാഷ്ട്രീയ കൂട്ടക്കൊലകൾ, മതപരമായ കൊടും ക്രൂരതകൾ, ഹിരോഷിമ, നാഗസാക്കി, വിയറ്റ്നാം, ബോംബു വർഷങ്ങൾ, തുടങ്ങി അമേരിക്ക ഇടപെടാത്ത രാജ്യമുണ്ടൊ,

പാട്രീസ് ലുംബ, ജേക്കബ് അർബ്ബൻസ്,  സദ്ദാം ഹുസൈൻ, ഷേഖ് മുജീബുറഹമാൻ, അലൻഡെ, തുടങ്ങിയ എത്ര പേരെ അവർ കൊന്നു. ഭരണം മാറ്റി. ഇന്ത്യയടക്കം ബ്രിട്ടൻ കട്ടു മുടിക്കാത്ത, കൊള്ളയടിക്കാത്ത, പ്രദേശം ഭൂമിയിൽ ഉണ്ടോ?,

അങ്ങിനെ പരിശോധിച്ചാൽ ഖത്തർ എത്ര മാന്യർ. നമ്മുടെ വിഷയം ഫുട്ബോൾ ആണ്. മനുഷ്യരുടെ ജന്മസിദ്ധമായ വീറും വാശിയും മദ മാത്സര്യങ്ങളും.വൈകാരികതയും ശാന്തമാക്കി, വിവേകവും, ബുദ്ധിയും, കരുത്തും, മിടുക്കും, സന്തോഷവും, ആക്കി അവനെ പരിവർത്തിപ്പിക്കുന്ന മഹത്തായ കളിയാണ് ഫുട്ബോൾ. അതു രസകരമാണ്. സന്തോഷകരമാണ്. ആവേശകരമാണ്. അത് ആസ്വദിക്കാനുള്ളതാണ്.

കളി കളി മാത്രമാണ്. ശത്രുതയില്ല, പകയില്ല, ആസ്വദിക്കുക ആഹ്ലാദിക്കുക അതു മാത്രം. ഏതു ടീമും ജയിച്ചേക്കാം ഇന്ന് ജയിച്ചവർ നാളെ തോൽക്കാം.പലഗോളടിച്ച കളിക്കാരെയും പലപ്പോഴും ജയിച്ച ടീമിനെയും പ്രണയിച്ചു പ്രാന്തനാവരുത്.പരാജയത്തിന്റെ കയ്പു കഷായം കുടിച്ചേക്കാം.

കളി കാണുന്നവർക്ക് മുമ്പിൽ കളി മാത്രം. ടീമില്ല, വ്യക്തിയില്ല, രാജ്യമില്ല. ആരു ജയിച്ചാലും തോറ്റാലും ഒന്നും ഇല്ല. ഉണ്ടാവരുത്. പ്രപഞ്ചത്തിൽ എല്ലാം ഇണകളാക്കി സ്രഷ്ടിച്ചിരിക്കുന്നതായി കാണാം.

കറുപ്പ് -വെളുപ്പ്

കുന്ന് -കുഴി

ചൂട് -തണുപ്പ്

സുഖം- ദു:ഖം

വിജയം പരാജയം, അതിനാൽ സന്തുലിതാവസ്ഥ കൈവിടരുത്. മിതത്വം നിലനിറുത്തുക. എല്ലാത്തിനും സാക്ഷിയാവുക. തോറ്റാലും ജയിച്ചാലും.ലോകം മാറും കാലം മാറും കളിമാറും. എന്തായാലും എനിക്കൊരു ടീമില്ല അതിനാൽ എല്ലാ ടീമും എന്റെ ടീമാണ്. എല്ലാ കളിക്കാരും എന്റെ കളിക്കാരാണ്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News