കലൂർ സ്റ്റേഡിയം അപകടം: നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ
കലൂർ ഹെൽത്ത് സർക്കിളിലെ എം.എൻ നിതയെ ആണ് സസ്‌പെൻഡ് ചെയ്തത്.
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നൃത്തപരിപാടിക്കിടെ അപകടമുണ്ടായതിൽ നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ. കലൂർ ഹെൽത്ത് സർക്കിളിലെ എം.എൻ നിതയെ ആണ് സസ്‌പെൻഡ് ചെയ്തത്. അപകടത്തിൽ കോർപ്പറേഷന് വീഴ്ചയുണ്ടായ വാർത്ത മീഡിയവൺ ആണ് റിപ്പോർട്ട് ചെയ്തത്.
പണം സ്വീകരിച്ച് പൊതുസ്ഥലങ്ങളിൽ പരിപാടി നടത്തുന്നതിന് ഹെൽത്ത് വിഭാഗത്തിൽനിന്ന് ലഭിക്കുന്നതാണ് പിപിആർ ലൈസൻസ്. പണം സ്വീകരിക്കാതെയാണ് കലൂരിലെ പരിപാടി നടത്തുന്നത് എന്ന് പറഞ്ഞതുകൊണ്ടാണ് പിപിആർ ലൈസൻസിനുള്ള അപേക്ഷ നിരസിച്ചതെന്നാണ് ഹെൽത്ത് വിഭാഗം സെക്രട്ടറിക്ക് എച്ച്‌ഐ വിശദീകരണം നൽകിയത്. സാമ്പത്തിക വരുമാനം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത് എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്. സംഭവസ്ഥലത്ത് പോയി കാര്യങ്ങൾ പരിശോധിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഹെൽത്ത് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തതെന്ന് മേയർ വ്യക്തമാക്കി. റവന്യൂ, ഹെൽത്ത്, എഞ്ചിനീയറിങ് വിഭാഗങ്ങൾക്ക് വിഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മേയർ പറഞ്ഞു.