കൊടകര കുഴൽപ്പണക്കേസ്; ബി.ജെ.പിക്ക് ബന്ധമില്ല, പണം തെരഞ്ഞെടുപ്പ് ഫണ്ടല്ലെന്ന് സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേഷിന്‍റെ മൊഴി
ധർമ്മരാജനെ ഫോൺ വിളിച്ചത് സംഘടന ആവശ്യങ്ങൾക്കാണെന്നും ഗണേഷ് മൊഴി നല്‍കി.
കൊടകര കുഴൽപ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേഷിനെ അന്വേഷണസംഘം ചോദ്യം ചെയ്തു. കവർച്ച ചെയ്ത പണവുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്ന് ഗണേഷ് മൊഴി നല്‍കി. പണം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടല്ല. ധർമ്മരാജനെ അറിയാം, എന്നാല്‍ ഫോൺ വിളിച്ചത് സംഘടന ആവശ്യങ്ങൾക്കാണെന്നും ഗണേഷ് പറഞ്ഞു.
തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തെ കുറിച്ച് സംസാരിക്കാനാണ് ധര്‍മരാജനെ ഫോണ്‍ചെയ്തത്. പണത്തെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും ഗണേഷ് മൊഴി നൽകി. ആലപ്പുഴ ജില്ല ട്രഷറർക്ക് നൽകാനാണ് പണം കൊണ്ടുവന്നതെന്ന ധർമ്മരാജന്‍റെ മൊഴിയെക്കുറിച്ച് അറിയില്ലെന്നും ഗണേഷ് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.
എം. ഗണേഷിനെ ഇന്ന് തൃശൂർ പൊലീസ് ക്ലബിൽ വെച്ചാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനായി എത്താന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഗണേഷ് ഹാജരായിരുന്നില്ല. ഇന്നു രാവിലെ പത്തുമണിയോടെയാണ് ഗണേഷിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. മൂന്നു മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു.
പണം കടത്തിയ സംഘത്തിന് മുറിയെടുത്തു നല്‍കിയത് ബി.ജെ.പി തൃശ്ശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നേതൃത്വം ആവശ്യപ്പെട്ടതിനാലാണ് മുറിയെടുത്ത് നല്‍കിയതെന്ന് ഓഫീസ് സെക്രട്ടറി സതീശന്‍ പ്രതികരിച്ചു. ഇയാളെ വരും ദിവസങ്ങളിൽ അന്വേഷണ സംഘം ചോദ്യം ചെയ്യും. സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷിനെയും നാളെ ചോദ്യം ചെയ്യും.
സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിച്ച മൂന്നര കോടി രൂപ ആർക്കു വേണ്ടിയാണ് കൊണ്ടുപോയിരുന്നതെന്നാണ് നിലവിൽ അന്വേഷിക്കുന്നത്. പണം നഷ്ടപ്പെട്ട വാഹനത്തിന്‍റെ ഉടമയും ആർ.എസ്.എസ് നേതാവുമായ ധർമ്മരാജനെയും, മുൻ യുവമോർച്ച സംസ്ഥാന നേതാവ് സുനിൽനായക്കിനെയും ചോദ്യം ചെയ്തതിനു പിന്നാലെയാണ് ബി.ജെ.പി നേതാക്കളെ ചോദ്യം ചെയ്തത്.