സംസ്ഥാനത്ത് കെ- റെയിലിനെതിരെ കോ.ലീ.ബി സഖ്യം രൂപപ്പെടുന്നു: കോടിയേരി ബാലകൃഷ്ണൻ
നാളെ ബി.ജെ.പി ജാഥയെ സ്വീകരിക്കാൻ കുഞ്ഞാലിക്കുട്ടി പോയാൽ അത്ഭുതമില്ലെന്നും കോടിയേരി പറഞ്ഞു
കണ്ണൂര്‍: സംസ്ഥാനത്ത് കെ- റെയിലിനെതിരെ കോ.ലീ.ബി സഖ്യം രൂപപ്പെട്ടുവരികയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അവിശുദ്ധ കൂട്ടുകെട്ടാണ് ഇപ്പോള്‍ രൂപപ്പെടുന്നത്. ബി.ജെ.പി പദയാത്രയില്‍ ലീഗ് നേതാവ് പങ്കെടുത്തത് ഇതിന്‍റെ ഭാഗമാണ്. ചരിത്രത്തില്‍ ആദ്യ സംഭവമാണിതെന്നും നാളെ ബി.ജെ.പി ജാഥയെ സ്വീകരിക്കാന്‍ കുഞ്ഞാലിക്കുട്ടി പോയാല്‍ അത്ഭുതമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിൽവർ ലൈൻ സർവെയുടെ കല്ലിടുന്നത് കെ- റെയിൽ കോർപറേഷനാണെന്നും കോടിയേരി പറഞ്ഞു. പിന്നീടാണ് റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുത്ത് നൽകുക. കെ- റെയിലിന് കേന്ദ്രം അനുമതി നൽകിയില്ലെങ്കിൽ സംസ്ഥാനം മറ്റ് വഴി നോക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.
സാമൂഹ്യാഘാത പഠനത്തിന് ശേഷമാകും ഏതൊക്കെ സ്ഥലങ്ങള്‍ നഷ്ടപ്പെടുമെന്നതില്‍ അന്തിമരൂപമുണ്ടാവുക. തുടര്‍ന്ന് വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ പബ്ലിക് ഹിയറിംഗ് നടത്തും. ഇതില്‍ സമരക്കാര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കില്ല, യഥാര്‍ത്ഥ ഇരകള്‍ക്ക് മാത്രമേ പങ്കെടുക്കാനാവൂ. മുഴുവന്‍ തുകയും നല്‍കിയതിനു ശേഷം മാത്രമേ സ്ഥലം ഏറ്റെടുക്കുന്ന നടപടിയിലേക്ക് നീങ്ങുകയുള്ളൂ. ആരുടെയും സ്ഥലം ബലം പ്രയോഗിച്ച് ഏറ്റെടുക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.
കേരളത്തിലെ ബി.ജെ.പിക്കാരുടെ അഭിപ്രായമാണ് വി. മുരളീധരൻ പറഞ്ഞത്. അത് പ്രധാനമന്ത്രിയുടെ അഭിപ്രായമല്ല. കേന്ദ്രം അനുമതി നൽകിയില്ലെങ്കിൽ സംസ്ഥാനം മറ്റ് വഴി നോക്കുമെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതി സി.പി.ഐയും കൂടി അംഗീകരിച്ചതാണ്. അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാണ് പറയേണ്ടത്. അദ്ദേഹം അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. സമരത്തില്‍ പങ്കെടുത്ത പ്രാദേശിക നേതാവിനെതിരെ സി.പി.ഐ നടപടിയെടുത്തത് അത്തരം ഇടപെടലുകളെ സി.പി.ഐ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതിന്‍റെ തെളിവാണെന്നും കോടിയേരി പറഞ്ഞു.