കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയും

കോടിയേരി ചികിത്സയ്ക്കായി നാളെ ചെന്നൈയിലേക്ക് പോകും

Update: 2022-08-28 07:04 GMT
Advertising

സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിയും. സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി സന്നദ്ധത അറിയിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് തീരുമാനം. കോടിയേരിയെ ചികിത്സയ്ക്കായി നാളെ ചെന്നൈയിലേക്ക് കൊണ്ടുപോകും. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി. 

എം.വി ഗോവിന്ദന്‍, എം.എ ബേബി, എ വിജയരാഘവന്‍, പി രാജീവ് തുടങ്ങിയവരില്‍ ഒരാള്‍ കോടിയേരിക്ക് പകരക്കാരന്‍ ആവാനാണ് സാധ്യത. എം.വി ഗോവിന്ദനോ പി രാജീവിനോ ചുമതല നല്‍കിയാല്‍ മന്ത്രിസഭയിലും അഴിച്ചുപണി വേണ്ടിവരും. നിര്‍ണായക സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ചേരുകയാണ്. സീതാറാം യെച്ചൂരിക്ക് പുറമെ പിബി അംഗം പ്രകാശ് കാരാട്ടും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 

ഇന്നലെ രാത്രി എ.കെ.ജി സെന്ററിൽ പി.ബി അംഗങ്ങളും മുഖ്യമന്ത്രിയുമായി ചർച്ച നടന്നിരുന്നു. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെ സംസ്ഥാന സമിതിയുമാണ് തീരുമാനിച്ചിരുന്നതെങ്കിലും നാളെ നിയമസഭയുള്ളതിനാല്‍ സംസ്ഥാന സമിതി ഇന്ന് തന്നെ ചേരാന്‍ തീരുമാനിക്കുകയായിരുന്നു. ഗവർണറുടെ നീക്കങ്ങള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതിനാല്‍ ഗവർണർക്കെതിരെയുള്ള രാഷ്ട്രീയ- നിയമ നീക്കങ്ങളും ചർച്ചയാകും.

ലത്തീൻ സഭ നേതൃത്വം നൽകുന്ന വിഴിഞ്ഞത്തെ സമരവും യോഗത്തിൽ ചർച്ചയ്ക്ക് വരും. എല്ലാ വകുപ്പുകളുടെയും നിയന്ത്രണം മുഖ്യമന്ത്രി കൈയടക്കുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം എറണാകുളം സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ട്. കെ റെയിലിൽ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്നായിരുന്നു സി.പി.ഐ തൃശ്ശൂർ ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ട്. ഇതെല്ലാം സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News