കണ്ണൂരിലേത് സ്വാഭാവിക പ്രതികരണം,തല്ലാനുള്ള സാഹചര്യം യുഡിഎഫും ബിജെപിയും ഉണ്ടാക്കരുത്: കോടിയേരി

'കല്ലുകള്‍ പിഴുതുമാറ്റാന്‍ രാഷ്ട്രീയമായി തീരുമാനിച്ച് ബിജെപിയും കോണ്‍ഗ്രസും രംഗത്തിറങ്ങിയതാണ്. സ്വാഭാവികമായി അതിന്റെ പ്രത്യാഘാതമുണ്ടാവും'

Update: 2022-04-26 06:35 GMT
Editor : rishad | By : Web Desk
Advertising

കണ്ണൂര്‍: കെ-റെയില്‍ സര്‍വേയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കണ്ണൂരിലുണ്ടായ സംഭവങ്ങള്‍ സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കല്ലുകള്‍ പിഴുതുമാറ്റാന്‍ രാഷ്ട്രീയമായി തീരുമാനിച്ച് ബിജെപിയും കോണ്‍ഗ്രസും രംഗത്തിറങ്ങിയതാണ്. സ്വാഭാവികമായി അതിന്റെ പ്രത്യാഘാതമുണ്ടാവും. തല്ല് ഒന്നിനും പരിഹാരമല്ല. പക്ഷെ തല്ലാനുള്ള സാഹചര്യം യുഡിഎഫും ബിജെപിയും ഉണ്ടാക്കരുതെന്നും അദ്ദേഹം  പറഞ്ഞു.

കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട സംവാദത്തിന് ആരൊക്കെ വേണമെന്ന് തീരുമാനിക്കുന്നത് സിപിഎമ്മല്ല കെ-റെയില്‍ ആണ്. ജോസഫ് സി മാത്യു ആരാണ് ? അദ്ദേഹത്തെ പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചത് കെ-റെയില്‍ ആണെന്നും ചോദ്യത്തിന് മറുപടിയായി കോടിയേരി വ്യക്തമാക്കി.

അതേസമയം സിൽവർ ലൈനെതിരെ സമരം ചെയ്തവരെ സി.പി.എം പ്രവർത്തകർ തല്ലിയിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. കോൺഗ്രസുകാരാണ് ഉദ്യോഗസ്ഥരെ തല്ലിയത്. സർവേക്കെത്തിയ ഉദ്യോഗസ്ഥരെ കോൺഗ്രസ് പ്രവർത്തകർ മർദിച്ചുവെന്നും എം.വി ജയരാജൻ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം പ്രതിഷേധമുണ്ടായ കണ്ണൂർ ജില്ലയിലെ എടക്കാട് ഇന്ന് കെ-റെയിൽ സർവേ നടത്തില്ല. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് തീരുമാനം. ഇന്നലെ സർവേക്കെതിരെ പ്രതിഷേധിച്ചവരെ സിപിഎം പ്രവർത്തകർ മർദിച്ചത് വിവദമായിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News