പണിമുടക്ക് അവസാന ആയുധം; കോടതിവിധി അടിയന്തരാവസ്ഥയുടെ ശബ്ദമെന്ന് കോടിയേരി
വിധി പിൻവലിക്കാൻ ഹൈക്കോടതി തയ്യാറാകണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസമായി നടക്കുന്നത് സർക്കാർ സ്പോൺസേഡ് സമരമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തൊഴിലാളികൾ നടത്തുന്ന സമരമാണ്. പണിമുടക്ക് തൊഴിലാളികളുടെ അവസാന ആയുധമാണെന്നും അതുപോലും പാടില്ലെന്നാണ് കോടതി പറയുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. ഡയസ്നോൺ പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടത് കോടതിയാണ്. അടിയന്തരാവസ്ഥയുടെ ശബ്ദമാണ് ഈ വിധിക്കെന്നും ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിധി പിൻവലിക്കാൻ കോടതി തയ്യാറാകണം. മിണ്ടരുത്, പ്രതിക്ഷേധിക്കരുത് എന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല. നാട്ടിലുണ്ടായ എല്ലാ മാറ്റങ്ങളും സമര പോരാട്ടങ്ങളിലൂടെയാണ്. ഒരു ദിവസം വേതനം നഷ്ട്ടപെട്ടാലും തൊഴിലാളികൾ പണിമുടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സമരക്കാര്‍ വാഹനങ്ങൾ തടയുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. പണിമുടക്കുന്നവരുടെ മുന്നിലൂടെ വാഹനം ഓടിച്ചുപോയി പ്രകോപനം സൃഷ്ടിച്ചതാണ് അക്രമത്തിന് കാരണം. അങ്ങനെ പ്രകോപനം ഉണ്ടാക്കാൻ ആരും ശ്രമിക്കരുതെന്നും കോടിയേരി പറഞ്ഞു.
കട തുറക്കുന്നവർക്ക് തുറക്കാനുള്ള അവകാശമുണ്ട്. തുറക്കുന്നവർ തുറക്കട്ടെ. പണിമുടക്കാണ് പ്രഖ്യാപിച്ചത് ഹർത്താലല്ല. പൊലീസിന്‍റെ ലക്ഷ്യം സംഘര്‍ഷമുണ്ടാക്കലാകരുതെന്നും നിസ്സഹായരായി നില്‍ക്കാതെ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.