സർക്കാർ അതിജീവിതക്കൊപ്പം; തെരഞ്ഞെടുപ്പ് സമയത്ത് നടിയുടെ പരാതി ദുരൂഹമെന്ന് കോടിയേരി
'കേസിൽ പഴുതടച്ച അന്വേഷണമാണ് നടന്നത്. പരാതിയുണ്ടെങ്കിൽ നടി നേരത്തെ കോടതിയെ അറിയിക്കേണ്ടതല്ലേ, കേസിൽ അതിജീവിതയുടെ താൽപര്യമാണ് സർക്കാറിന്റെ താൽപര്യം. വനിതാ ജഡ്ജിയെ വെച്ചതും പ്രോസിക്യൂട്ടറെ നിയമിച്ചതും നടിയുടെ താൽപര്യം പരിഗണിച്ചാണ്'
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാറും സിപിഎമ്മും അതിജീവിതക്കൊപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തെരഞ്ഞെടുപ്പ് സമയത്ത് നടി ഇത്തരത്തിലൊരു ഹരജി നൽകിയതിൽ ദുരൂഹതയുണ്ട്. യുഡിഎഫ് ആണ് അധികാരത്തിലെങ്കിൽ പ്രമുഖന്റെ അറസ്റ്റ് ഉണ്ടാവുമായിരുന്നോ എന്നും കോടിയേരി ചോദിച്ചു.
കേസിൽ പഴുതടച്ച അന്വേഷണമാണ് നടന്നത്. പരാതിയുണ്ടെങ്കിൽ നടി നേരത്തെ കോടതിയെ അറിയിക്കേണ്ടതല്ലേ, കേസിൽ അതിജീവിതയുടെ താൽപര്യമാണ് സർക്കാറിന്റെ താൽപര്യം. വനിതാ ജഡ്ജിയെ വെച്ചതും പ്രോസിക്യൂട്ടറെ നിയമിച്ചതും നടിയുടെ താൽപര്യം പരിഗണിച്ചാണ്. തൃക്കാക്കര തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് യുഡിഎഫ് നിലപാട് മാറ്റിയത്. എല്ലാ പിന്തുണയും അതിജീവിതക്ക് നൽകും. സർക്കാർ എന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് ബിജെപി ഓഫീസിൽ പോയി വോട്ട് ചോദിച്ചത് യുഡിഎഫ്-ബിജെപി അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ്. ബിജെപിയുമായും എസ്ഡിപിഐയുമായും യുഡിഎഫ് തൃക്കാക്കരയിൽ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ ഇത് വിജയിക്കില്ല, അവിടെ എൽഡിഎഫ് അട്ടിമറി വിജയം നേടുമെന്നും കോടിയേരി പറഞ്ഞു.