ഫലം കെ-റെയിലിന്റെ ഹിതപരിശോധനയല്ല; എൽ.ഡി.എഫിന് വോട്ട് കൂടി: കോടിയേരി ബാലകൃഷ്ണൻ

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എറണാകുളത്തെ അപേക്ഷിച്ച് മറ്റു ജില്ലകളിൽ എൽഡിഎഫ് മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്

Update: 2022-06-03 13:24 GMT
Editor : Dibin Gopan | By : Web Desk
Advertising

തിരുവനന്തപുരം: തൃക്കാക്കര നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായ ജനവിധി അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ല. ഇക്കാര്യം പരിശോധിച്ച് തുടർനടപടികളുമായി മുന്നോട്ടുപോകുമെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജാഗ്രതയോടെ മുന്നോട്ടുപോകണമെന്ന മുന്നറിയിപ്പ് നൽകുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. ബൂത്ത് തലം വരെ വേണ്ട പരിശോധനകൾ നടത്തും. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ട് കൂടിയിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വോട്ടുകളിൽ ഉണ്ടായ വർധന പ്രതീക്ഷ നൽകുന്നതല്ല. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എറണാകുളത്തെ അപേക്ഷിച്ച് മറ്റു ജില്ലകളിൽ എൽഡിഎഫ് മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്. ജില്ലയിൽ എന്തുകൊണ്ട് മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കാൻ സാധിക്കുന്നില്ല എന്ന കാര്യവും പരിശോധിക്കും. ബിജെപി വോട്ടും ട്വന്റി ട്വന്റി വോട്ടുകളും യുഡിഎഫിന് ലഭിച്ചു. തെരഞ്ഞെടുപ്പ് ഫലം കെ റെയിലിന്റെ ഹിതപരിശോധനയായി കാണേണ്ടതില്ല. ബന്ധപ്പെട്ട അനുമതികൾ ലഭിച്ചാൽ കെ റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും കോടിയേരി പറഞ്ഞു.

യുഡിഎഫിന് അനുകൂലമായി സഹതാപ തരംഗം ലഭിച്ചിരിക്കാൻ സാധ്യതയുണ്ട്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായാണ് ഫലം വന്നത്. തെരഞ്ഞെടുപ്പിൽ തോറ്റാൽ എല്ലാം പോയി എന്ന് കരുതുന്നവരല്ല തങ്ങൾ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 20ൽ 19 ഉം നഷ്ടപ്പെട്ടു. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ 99 സീറ്റിൽ വിജയിച്ചാണ് എൽഡിഎഫ് വീണ്ടും അധികാരത്തിൽ വന്നതെന്നും കോടിയേരി പറഞ്ഞു.

Full View

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News