"പ്രായോഗികമായ നിർദേശങ്ങൾ പറയൂ..."; വനിതാസംവരണത്തിൽ കോടിയേരിയുടെ പരിഹാസം
അമ്പത് ശതമാനം വനിതാ സംവരണം കമ്മിറ്റിയിലുണ്ടാകുമോ എന്ന ചോദ്യത്തിന്, നിങ്ങൾ കമ്മറ്റിയെ തകർക്കാൻ നടക്കുകയാണോയെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം
സി.പി.എമ്മിലെ വനിതാസംവരണത്തെപ്പറ്റിയുള്ള ചോദ്യത്തെ പരിഹസിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അമ്പത് ശതമാനം വനിതാ സംവരണം കമ്മിറ്റിയിലുണ്ടാകുമോ എന്ന ചോദ്യത്തിന്, നിങ്ങൾ കമ്മറ്റിയെ തകർക്കാൻ നടക്കുകയാണോയെന്നായിരുന്നു കോടിയേരിയുടെ മറുപടി. പ്രായോഗികമായ നിർദേശങ്ങൾ പറയൂ എന്നും കോടിയേരി പറഞ്ഞു.
സമ്മേളനത്തില്‍ പൊലീസിന് വിമർശനം ഉണ്ടായിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. പാർട്ടിക്ക് പൊലീസിനെ പിന്തുണക്കേണ്ട കാര്യമില്ല. ഇടതുപക്ഷ സർക്കാറിന് പൊലീസ് നയമുണ്ട്. തെറ്റ് സംഭവിച്ചാൽ തിരുത്തുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
അതേസമയം, സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തന്നെ തുടരും. യുവാക്കളെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്തി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കാനും ആലോചനയുണ്ട്. സജി ചെറിയാനും, വി.എൻ വാസവനും സെക്രട്ടേറിയറ്റിൽ വന്നേക്കും. തിരുവനന്തപുരത്ത് നിന്ന് എം. വിജയകുമാർ പരിഗണനയിലുണ്ട്. കടകം പളളി സുരേന്ദ്രനും പരിഗണനയിലുണ്ടെന്നാണ് വിവരം.
നിലവില്‍ എറണാകുളം ജില്ലാ സെക്രട്ടറിയായ സി.എൻ മോഹനൻ സെക്രട്ടേറിയറ്റിൽ വന്നാൽ സ്വരാജ് എറണാകുളം ജില്ലാ സെക്രട്ടറി ആയേക്കും. പി. കരുണാകരൻ കാസര്‍കോട് ജില്ലയില്‍ നിന്ന് ഒഴിയുമ്പോൾ സതീഷ് ചന്ദ്രന്റെ പേരാണ് സെക്രട്ടേറിയറ്റില്‍ പരിഗണനയിൽ. മുഹമ്മദ് റിയാസോ എ.എം ഷംസീറോ സെക്രട്ടേറിയറ്റിലേക്ക് വന്നേക്കുമെന്നും സൂചനയുണ്ട്. നാളെ ഉച്ചയോടുകൂടി മാത്രമേ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം പാര്‍ട്ടി സംസ്ഥാന സമിതി കൈക്കൊള്ളൂ.