സന്ദീപിന്റെ കൊലപാതകം ആർഎസ്എസ് ആസൂത്രണം ചെയ്തതെന്ന് കോടിയേരി
സന്ദീപിന്റെ കുടുംബം അനാഥമാകില്ലെന്നു കോടിയേരി പറഞ്ഞു
തിരുവല്ലയിൽ സി.പി.എം നേതാവ് സന്ദീപിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ആർ.എസ്.എസാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലപാതക സംഘത്തെ നിയോഗിച്ചത് ബി.ജെ.പിയാണ്. കൊലപാതകം വ്യക്തി വിരോധം മൂലമാണെന്ന് പോലീസ് പറഞ്ഞതായി അറിയില്ല. രാഷ്ട്രീയ കൊലപാതകം എന്ന് റിമാൻഡ് റിപ്പോർട്ട് ഉണ്ട്. കൊല്ലപ്പെട്ട സന്ദീപിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്ദീപിന്റെ കുടുംബം അനാഥമാകില്ലെന്നു കോടിയേരി പറഞ്ഞു. കുടുംബത്തിന്റെ ഉത്തരവാദിത്തം പാർട്ടി ഏറ്റെടുക്കും. ഭാര്യ സുനിതയ്ക്ക് നിശ്ചിത വരുമാനം ഉറപ്പാക്കുന്ന ജോലി സിപിഎം ജില്ലാ നേതൃത്വം ഉറപ്പാക്കും. മക്കളുടെ പഠനത്തിന് ആവശ്യമായ സമ്പത്തിക സഹായം ഉറപ്പാക്കുമെന്നും കോടിയേരി പറഞ്ഞു.
പ്രതികൾക്കെതിരെ പുതിയ കേസ്
സന്ദീപ് വധക്കേസിലെ പ്രതികൾക്കെതിരെ ഹരിപ്പാട് പുതിയ കേസ്. ജിഷ്ണു, പ്രമോദ്, നന്ദു എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കരുവാറ്റ സ്വദേശി അരുണിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. അരുണിനെ തട്ടിക്കൊണ്ടുപോയി തിരുവല്ലയിൽ തടവിൽ പാർപ്പിച്ച് അക്രമിച്ചുവെന്നാണ് കേസ്.
Summary : Kodiyeri said that Sandeep's assassination was planned by the RSS