കൊല്ലത്ത് വടിവാളും നായയുമായി വീട്ടമ്മയ്‍ക്കെതിരെ പരാക്രമം; പ്രതിയെ പിടികൂടാൻ പൊലീസ് നീക്കം
പ്രതി വീട്ടിനകത്തുനിന്ന് വടിവാള്‍ നീട്ടി പൊലീസിനെയും നാട്ടുകാരെയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു
കൊല്ലം: ചിതറയിൽ വടിവാളും നായയുമായി അയൽവാസിയുടെ വീട്ടിൽ അക്രമം നടത്തിയയാളെ പിടികൂടാൻ പൊലീസ് നീക്കം. കിഴക്കുംഭാഗം സ്വദേശി സജീവന്റെ വീട്ടിലാണ് പൊലീസ് സംഘം നേരിട്ടെത്തിയിരിക്കുന്നത്. ഇയാൾ അഴിച്ചുവിട്ടിരുന്ന നായ്ക്കളിലൊന്നിനെ പൊലീസ് മാറ്റിയിട്ടുണ്ട്.
സംഭവത്തിൽ പ്രതിയെ ഇതുവരെ പൊലീസിന് പിടികൂടാനാകാത്തതിൽ വലിയ വിമർശനം ഉയർന്നിരുന്നു. തന്നെ വീട്ടിലെത്തി അറസ്റ്റ് ചെയ്യാൻ ഇയാൾ പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. എന്നാൽ, സജീവൻ നാല് നായ്ക്കളെ അ്‌ഴിച്ചുവിട്ടിരിക്കുകയാണെന്നാണ് പൊലീസ് പറഞ്ഞത്.
വൻ പരാതിക്കു പിന്നാലെയാണ് പൊലീസ് ഇന്ന് സജീവന്റെ വീട്ടിലെത്തിയത്. ഇതോടെ ഇയാൾ വാതിൽ പൂട്ടി വീട്ടിലിരിക്കുകയായിരുന്നു. വാതിലും ജനലും പൊളിച്ച് അകത്തുകടക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
വ്യാഴാഴ്ചയാണ് കിഴക്കുംഭാഗം സ്വദേശി സുപ്രഭയുടെ വീട്ടിൽ സജീവൻ നായയും വടിവാളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സുപ്രഭ താമസിക്കുന്നത് തന്റെ വീട്ടിലാണെന്നും ഇവിടെനിന്ന് ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ട ഇയാൾ സ്ത്രീയെ അക്രമിക്കുകയും ചെയ്തു. നാട്ടുകാരെത്തി ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ പൊലീസ് സ്ഥലെത്തിത്തി ഇയാളെ പിന്തിരിപ്പിച്ച് വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു.