ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍: അന്വേഷണ സംഘം കുട്ടിയുടെ വീട്ടിലെത്തി; അച്ഛന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തും

അച്ഛനെയും നഴ്സിങ് മേഖലയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്

Update: 2023-12-01 07:51 GMT
Editor : Lissy P | By : Web Desk
Advertising

കൊല്ലം: കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷിക്കുന്ന സംഘം കുട്ടിയുടെ വീട്ടിൽ എത്തി.കുട്ടിയുടെ അച്ഛന്റെയടക്കം മൊഴി വീണ്ടും രേഖപ്പെടുത്തും. കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തിയത്. ഇന്നലെ കുട്ടിയുടെ അച്ഛനെ ചോദ്യം ചെയ്യാന്‍ എസ്.പിയുടെ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ കുട്ടിയുമായാണ് ഇദ്ദേഹം എത്തിയത്. കുട്ടിയുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാന്‍ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്നാണ് ഇന്ന് അന്വേഷണ സംഘം കുട്ടിയുടെ വീട്ടില്‍ നേരിട്ട് എത്തിയത്. നഴ്സിങ് മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണ് പൊലീസ് ലക്ഷ്യം. 

 തട്ടിക്കൊണ്ടുപോയതിൽ പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവം നടന്ന് അഞ്ചു ദിവസം പിന്നിടുമ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

ആറു വയസുകാരിയുടെ പിതാവിനെയും നഴ്സിങ് മേഖലയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കുട്ടിയുടെ സഹായത്തോടെ തയ്യാറാക്കിയ രേഖാചിത്രത്തിലെ ഒരു സ്ത്രീയെ തിരിച്ചറിഞ്ഞു. ഇവർ നഴ്സിംഗ് റിക്രൂട്ട്മെന്‍റ് തട്ടിപ്പിന് ഇര ആയതായും കണ്ടെത്തി. ഇതോടെ നഴ്സിങ് മേഖലയിലെ തട്ടിപ്പുകളും കുട്ടിയുടെ അച്ഛന്റെയും നഴ്സിംഗ് സംഘടനയുടെയും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിലെടുത്ത കുട്ടിയുടെ അച്ഛന്റെ മൊബൈൽ ഫോണും വിശദമായി പരിശോധിക്കുന്നു.

സംഭവശേഷം സംഘത്തിലെ രണ്ട് പേര് സഞ്ചരിച്ച ഓട്ടോയും ഡ്രൈവറേയും കസ്റ്റഡിയിൽ എടുത്തു. കല്ലുവാതുക്കൽ സ്റ്റാൻഡിലെ ഓട്ടോയിലാണ് സംഗം പാരിപ്പള്ളിയിലെത്തിയത്. സംഘത്തിന് വാഹനം കൈമാറിയതെന്ന് സംശയിക്കുന്ന ചിറക്കര സ്വദേശിയും കസ്റ്റഡിയിൽ ഉണ്ട്. വ്യാജ നമ്പർ നിർമിച്ചു നൽകിയതും ഇയാളാണോ എന്നും പരിശോധിക്കുന്നുണ്ട്. കുട്ടിയുടെ പിതാവ് നൽകുന്ന മൊഴിയാകും ഇനി ഏറ്റവും നിർണായകം.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News