പണം തട്ടിയെടുക്കാൻ വനിതാ ബാങ്ക് മാനേജരുടെ ക്വട്ടേഷൻ; കൊല്ലത്തെ അപകടമരണം കൊലപാതകമെന്ന് തെളിഞ്ഞത് ഇങ്ങനെ..
പാപ്പച്ചൻ സ്ഥിരമായി സൈക്കിളിൽ സഞ്ചരിക്കുന്നയാളാണെന്നും പ്രതികൾ മനസിലാക്കിയിരുന്നു
കൊല്ലം: കൊല്ലം ആശ്രാമത്ത് വയോധികന്റെ പണം തട്ടിയെടുക്കാൻ ക്വട്ടേഷൻ നൽകിയത് സ്വകാര്യ ധനകാര്യ ബാങ്കിലെ വനിതാ മാനേജർ. വാഹനാപകടമെന്ന് വരുത്തി തീർത്തായിരുന്നു 80-കാരനായ പാപ്പച്ചനെ ബാങ്ക് മാനേജരായ സരിതയും സംഘവും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നത്. സരിത മാനേജരായിരുന്ന ധനകാര്യ സ്ഥാപനത്തിൽ കൊല്ലപ്പെട്ട പാപ്പച്ചൻ 76 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. ഈ തുക തട്ടിയെടുക്കാനായിരുന്നു ക്രൂരകൃത്യം നടത്തിയതെന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു.
കഴിഞ്ഞ മെയ് 23നാണ് സൈക്കിളിൽ പോകുകയായിരുന്ന പാപ്പച്ചൻ കാറിടിച്ച് മരിക്കുന്നത്. അപകടമരണമെന്നാണ് നാട്ടുകാരും ബന്ധുക്കളും കരുതിയിരുന്നത്. പാപ്പച്ചനെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.എന്നാൽ അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയതടക്കം പൊലീസിന് തോന്നിയ സംശയമാണ് കേസിൽ നിർണായകമായത്.
പന്തളം കുടശനാട് സ്വദേശിയാണ് പാപ്പച്ചൻ.ബിഎസ്എൻഎൽ റിട്ട. ഡിവിഷനൽ എൻജിനിയറായിരുന്ന പാപ്പച്ചൻ കൊല്ലത്തെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ബന്ധുക്കളുമായോ അയൽവാസികളുമായോ കാര്യമായ അടുപ്പവും പാപ്പച്ചൻ പുലർത്തിയിരുന്നില്ല. ഇക്കാര്യം ബാങ്ക് മാനേജരായ സരിതയടക്കമുള്ളവർക്ക് അറിയാമായിരുന്നു.
പാപ്പച്ചന്റെ അക്കൗണ്ടിൽ നിന്ന് 40 ലക്ഷം രൂപ സരിത പിൻവലിച്ചിരുന്നു. ഇത് പാപ്പച്ചൻ അറിയുകയും ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞ് ആശ്രാമം ഗസ്റ്റ് ഹൗസ് ഭാഗത്തേക്ക് പാപ്പച്ചനെ വിളിച്ചു വരുത്തി. പാപ്പച്ചനെ കൊല്ലാനായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അനിമോനാണ് സരിതയും മറ്റ് നാലു പേരും ക്വട്ടേഷൻ നൽകിയത്. രണ്ടുലക്ഷം രൂപക്കായിരുന്നു ക്വട്ടേഷൻ നൽകിയിരുന്നതെന്നും പൊലീസ് പറയുന്നു.
പാപ്പച്ചൻ സ്ഥിരമായി സൈക്കിളിൽ സഞ്ചരിക്കുന്നയാളാണെന്നും പ്രതികൾ മനസിലാക്കിയിരുന്നു. ആശ്രാമം ഗസ്റ്റ് ഹൗസ് ഭാഗത്തേക്ക് സൈക്കിളിൽ എത്തിയ പാപ്പച്ചനെ കാറിലെത്തിയ അനിമോൻ ഇടിച്ചുതെറിപ്പിച്ച് ദേഹത്തിലൂടെ വാഹനം കയറ്റിയിറക്കുകയും ചെയ്തു. ഇതെല്ലാം സി.സി.ടി.വി ദൃശ്യങ്ങളിൽ പതിയുകയും ചെയ്തു. അപകടമരണമാണെന്ന് എല്ലാവരും കരുതിയെങ്കിലും പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സരിതയടക്കം കുറ്റം സമ്മതിച്ചത്.
പാപ്പച്ചന്റെ നിക്ഷേപതുകയിൽ നിന്ന് 40 ലക്ഷം രൂപ സരിത സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതും പൊലീസ് കണ്ടെത്തി. ഇതും കേസിൽ നിർണായകമായി. വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കൊലപാതകം നടത്തിയെന്ന് സമ്മതിക്കുകയായിരുന്നു.തുടർന്ന് ബാങ്ക് മാനേജർ സരിത,ക്വട്ടേഷൻ നൽകിയ അനിമോൻ,കെ.പി അനൂപ്,ഹാഷിഫ് അലി, മാഹിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.രണ്ടു ലക്ഷം രൂപക്കാണ് ക്വട്ടേഷൻ നൽകിയിരുന്നെങ്കിലും അനി മോൻ പല ഘട്ടങ്ങളിലായി പ്രതികളെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷത്തോളം രൂപ വാങ്ങിയെന്നും പൊലീസ് പറയുന്നു.