'അപേക്ഷ കൊടുത്തിട്ടാണ് സഹായം ലഭിച്ചത്': വിജിലൻസ് കണ്ടെത്തലിനെതിരെ കൊല്ലം സ്വദേശി
വീടിന്റെ അറ്റകുറ്റപണികൾക്കായി നാല് ലക്ഷം രൂപയാണ് രാമചന്ദ്രന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ലഭിച്ചത്.
കൊല്ലം: അപേക്ഷ നൽകാത്തയാൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് പണം ലഭിച്ചെന്ന വിജിലൻസ് കണ്ടെത്തലിനെതിരെ ഗുണഭോക്താവ്. താൻ നൽകിയ അപേക്ഷയുടെ പകർപ്പ് കൊല്ലം പടിഞ്ഞാറേക്കല്ലട സ്വദേശി രാമചന്ദ്രൻ പുറത്തുവിട്ടു. വീടിന്റെ അറ്റകുറ്റപണികൾക്കായി നാല് ലക്ഷം രൂപയാണ് രാമചന്ദ്രന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ലഭിച്ചത്.
അപേക്ഷ നൽകാതെ കൊല്ലം പടിഞ്ഞാറേക്കല്ലട സ്വദേശി രാമചന്ദ്രന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് നാല് ലക്ഷം രൂപ നൽകിയതായി വിജിലൻസ് കണ്ടെത്തിരുന്നു. രാമചന്ദ്രന്റെ വീട്ടിലെത്തി കാര്യങ്ങൾ തിരക്കിയ ശേഷമാണ് വിജിലൻസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയത്. എന്നാൽ അപേക്ഷ നൽകിയിട്ടില്ലെന്ന വിജിലൻസ് കണ്ടെത്തല്‍ രാമചന്ദ്രൻ നിഷേധിച്ചു. വീടിന്റെ അറ്റകുറ്റപണികൾക്കായി സഹായം നൽകണമെന്നാവശ്യപ്പെട്ട് 2021 ഒക്ടോബർ 25ന് പടിഞ്ഞാറേക്കല്ലട വില്ലേജ് ഓഫീസിൽ നൽകിയ അപേക്ഷയുടെ പകർപ്പ് രാമചന്ദ്രന്‍ പുറത്തുവിട്ടു. അപേക്ഷ നൽകിയതായി വിജിലൻസ് ഉദ്യോഗസ്ഥരെ അറിയിച്ചെന്നും രാമചന്ദ്രൻ പറഞ്ഞു
2022 ജനുവരി 14നും മെയ് 13നുമായി രണ്ട് ഗഡുക്കളായാണ് രാമചന്ദ്രന് 4 ലക്ഷം രൂപ ലഭിച്ചത്. വർഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുന്ന രാമചന്ദ്രൻ രോഗബാധിതനാണ്. അസുഖങ്ങൾ കാരണം വീട് പുതുക്കിപണിയാൻ കഴിഞ്ഞിട്ടില്ലെന്നും രാമചന്ദ്രൻ പറയുന്നു. എന്നാൽ രാമചന്ദ്രൻ നൽകിയ അപേക്ഷ തള്ളിയിരുന്നുവെന്നാണ് വിജിലൻസിന്റെ വാദം.