ഉത്ര വധക്കേസിൽ ഭര്‍ത്താവ് സൂരജ് കുറ്റക്കാരന്‍; ശിക്ഷാവിധി ബുധനാഴ്ച
കഴിഞ്ഞ വർഷം മേയ് ഏഴിനാണ് കൊല്ലത്തെ വീട്ടിൽ ഉത്രയെ പാമ്പുകടിയേറ്റു മരിച്ച നിലയിൽ കണ്ടത്
കൊല്ലം ഉത്ര വധക്കേസിൽ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ശിക്ഷാവിധിയാണ് ഇനി അറിയാനുള്ളത്. സൂരജിന് എന്താണ് ശിക്ഷ വിധിക്കുകയെന്ന് ഈ മാസം 13ന് അറിയാം. ഉത്ര കൊല്ലപ്പെട്ട് ഒരു വർഷവും 5 മാസവും 4 ദിവസവും തികയുമ്പോഴാണ് കൊല്ലം ജില്ലാ അഡിഷണല്‍ സെഷൻസ് കോടതിയുടെ വിധി.
ഉത്രയെ ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സമാനതകൾ ഇല്ലാത്ത കേസിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 307, 302, 328, 201 വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്നാണ് കോടതി വിധി. കൊലപാതകം, വധശ്രമം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
കോടതിയില്‍ നടന്നത്..
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കേസില്‍ വിധിപ്രസ്താവം തുടങ്ങിയത്. കോടതിയില്‍ നിര്‍വികാരനായിരുന്നു സൂരജ്. പ്രതിയെ കുറ്റങ്ങള്‍ വായിച്ചുകേള്‍പ്പിച്ചു. എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് ഒന്നും പറയാനില്ല എന്നായിരുന്നു സൂരജിന്‍റെ മറുപടി. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. വിചിത്രവും പൈശാചികവും ദാരുണവുമാണ് സംഭവം. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയാണ് ഉണ്ടാകേണ്ടത്. വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അതേസമയം ഉത്രയുടേത് കൊലപാതകം അല്ലെന്ന് പ്രതിഭാഗം വാദിച്ചു. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് പറയാൻ കഴിയില്ലെന്നും പ്രതിഭാഗം അവകാശപ്പെട്ടു.
പഴുതടച്ച അന്വേഷണം
കഴിഞ്ഞ വർഷം മേയ് ഏഴിനാണ് അഞ്ചൽ ഏറത്തെ വീട്ടിൽ ഉത്രയെ പാമ്പുകടിയേറ്റു മരിച്ച നിലയിൽ കണ്ടത്. റെക്കോർഡ് വേഗത്തിലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചതും വിചാരണ പൂർത്തിയാക്കിയതും. ഉത്രയെ കടിച്ച പാമ്പിനെ പുറത്തെടുത്തു പോസ്റ്റുമോർട്ടം നടത്തിയും മൂർഖൻ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധന നടത്തിയും പഴുതടച്ച അന്വേഷണമാണ് കേസിൽ നടന്നത്.
കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം. മനോജാണ് കേസിൽ വിധി പറഞ്ഞത്. വിചാരണയ്ക്കിടയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നു 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. മൂന്ന് തവണയാണ് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിൽ രണ്ട് തവണ ഉത്രക്ക് പാമ്പിന്റെ കടിയേറ്റു. പാമ്പു പിടുത്തക്കാരനായ കല്ലുവാതുക്കൽ ചാവരുകാവ് സ്വദേശി സുരേഷിൽ നിന്നാണു സൂരജ് മൂർഖൻ പാമ്പിനെ വാങ്ങിയത്. സാക്ഷികൾ ഇല്ലാത്ത കേസിൽ സുരേഷ് മാപ്പുസാക്ഷിയായിരുന്നു.