കോന്നി മെഡിക്കൽ കോളജ് വികസനം: അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം 24ന്; മുഖ്യമന്ത്രിയെത്തും
അക്കാദമിക് ബ്ലോക്കിന്റെയും സി.ടി സ്കാൻ സെന്ററിന്റേയും ഉദ്ഘാടനങ്ങൾ കൂടി നടക്കുന്ന ചടങ്ങളിൽ വൻ തോതിൽ ജനങ്ങളെ പങ്കെടുപ്പിക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്.
പത്തനംതിട്ട: കോന്നി ഗവ. മെഡിക്കൽ കോളജിന്റെ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം 24ന് നടക്കും. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങളിൽ ഇടം പിടിച്ച മെഡിക്കൽ കോളജ് ഇതാദ്യമായാണ് മുഖ്യമന്ത്രി സന്ദർശിക്കാനെത്തുന്നത്.
കോന്നി മെഡിക്കൽ കോളജ് വികസനത്തിന്റെ ഒന്നാം ഘട്ടം പൂർത്തീകരിക്കുന്നതിന്റെ മുന്നോടിയായാണ് ആശുപത്രി സന്ദർശിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം. 24ന് കോന്നിയിലെത്തുന്ന അദ്ദേഹം ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തും. അക്കാദമിക് ബ്ലോക്കിന്റെയും സി.ടി സ്കാൻ സെന്ററിന്റേയും ഉദ്ഘാടനങ്ങൾ കൂടി നടക്കുന്ന ചടങ്ങളിൽ വൻ തോതിൽ ജനങ്ങളെ പങ്കെടുപ്പിക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്.
പരിപാടിക്ക് വേണ്ടിയുള്ള അതിവേഗ മുന്നൊരുക്കങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിലും പുരോഗമിക്കുകയാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 132 കോടി രൂപ ചെലവഴിച്ച് ആദ്യഘട്ട നിർമാണം പൂർത്തീകരിച്ച ആശുപത്രിയിൽ 2021ലാണ് ഒ.പി /ഐ.പി ചികിത്സകളാംരംഭിച്ചത്.
ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം ലഭിച്ചതോടെ കഴിഞ്ഞ വർഷം 100 സീറ്റുകളിലേക്കുള്ള വിദ്യാർഥി പ്രവേശനം നടന്നു. ശേഷിച്ച അടിസ്ഥാന സൗകര്യങ്ങൾ കൂടി ഒരുക്കാനായതോടെ അടുത്ത ബാച്ചിലേക്കുള്ള വിദ്യാർഥി പ്രവേശനത്തിനും അനുമതി നേടാൻ സ്ഥാപനത്തിന് സാധിച്ചു. രണ്ടാം ഘട്ട നിർമാണ- വികസന പ്രവർത്തനങ്ങൾക്കായി 352 കോടി രൂപയാണ് കിഫ്ബിയിൽ നിന്നും കോന്നി മെഡിക്കൽ കോളജിനായി അനുവദിച്ചിരിക്കുന്നത്.