'അഞ്ചു തവണ എം.എൽ.എയായ എനിക്ക് മന്ത്രിപദത്തിന് അർഹതയുണ്ട്'; അവകാശവാദവുമായി കോവൂർ കുഞ്ഞുമോൻ

''ഇടതുപക്ഷത്തിന്‍റെ വളര്‍ച്ചയ്ക്കു വേണ്ടി നിയമസഭയ്ക്ക് അകത്തും പുറത്തും നല്ല രീതിയില്‍ വര്‍ത്താനം പറയുന്ന ഒരു ജനപ്രതിനിധിയാണ് ഞാന്‍.''

Update: 2023-09-16 01:31 GMT
Editor : Shaheer | By : Web Desk

കോവൂര്‍ കുഞ്ഞുമോന്‍

Advertising

കൊല്ലം: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനാ വാർത്തകൾക്കിടയിൽ മന്ത്രിപദം ആവശ്യപ്പെട്ട് ആർ.എസ്.പി ലെനിനിസ്റ്റ് വിഭാഗം. മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി എല്‍.ഡി.എഫിനു കത്തുനൽകുമെന്ന് കോവൂർ കുഞ്ഞുമോൻ എം.എൽ.എ പറഞ്ഞു. അഞ്ചു തവണ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട തനിക്ക് മന്ത്രി പദത്തിന് അർഹതയുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ വാദം.

രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം മന്ത്രിസഭാ പുനഃസംഘടന അടുത്തിരിക്കെയാണു മന്ത്രിപദം ആവശ്യപ്പെട്ട് കുന്നത്തൂർ എം.എൽ.എ കോവൂർ കുഞ്ഞുമോൻ വീണ്ടും രംഗത്തെത്തിയത്. മന്ത്രിപദവി ആവശ്യപ്പെട്ട് ഇടതു നേതൃത്വത്തിന് കുഞ്ഞുമോൻ നേരത്തെയും കത്തുനൽകിയിരുന്നു. മുഖ്യമന്ത്രിയെയും പാർട്ടി സംസ്ഥാന സെക്രട്ടറിയെയും നേരിട്ട് കണ്ടും ആവശ്യം ഉന്നയിച്ചിരുന്നു. ഇക്കാര്യം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ.

ഇടതുപക്ഷത്തിന്‍റെ വളര്‍ച്ചയ്ക്കു വേണ്ടി നിയമസഭയ്ക്ക് അകത്തും പുറത്തും നല്ല രീതിയില്‍ വര്‍ത്താനം പറയുന്ന ഒരു ജനപ്രതിനിധിയാണ് താനെന്ന് കോവൂർ കുഞ്ഞുമോൻ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരെയും പരിഗണിക്കുന്ന കൂട്ടത്തില്‍ ആർ.എസ്.പി ലെനിനിസ്റ്റ് വിഭാത്തെ കൂടി പരിഗണിക്കണമെന്നാണ് ആവശ്യപ്പെടാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് ടേം തുടർച്ചയായി വിജയിച്ചതും എല്ലാ ഘട്ടത്തിലും ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിന്നതും കണക്കിലെടുത്ത് പുനഃസംഘടനയിൽ പരിഗണിക്കണമെന്ന ആവശ്യമാണ് കോവൂർ കുഞ്ഞുമോൻ മുന്നോട്ടുവയ്ക്കുന്നത്. ആർ.എസ്.പി ലെനിനിസ്റ്റിനെ ഇടതുമുന്നണിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും പാര്‍ട്ടി നേതൃത്വം ശക്തമാക്കുന്നുണ്ട്.

Full View

മുന്നണിയിൽ ഇല്ലാത്തതിനാൽ ബോർഡ് കോർപറേഷൻ സ്ഥാനങ്ങളിലും അർഹമായ പരിഗണന ലഭിച്ചില്ലെന്ന് പരാതിയും പാര്‍ട്ടി നേതൃത്വത്തിനുണ്ട്. ആർ.എസ്.പി മുന്നണി വിട്ടപ്പോൾ അകന്നുപോയ അണികൾ തനിക്ക് മന്ത്രി പദം ലഭിച്ചാൽ തിരികെയെത്തിക്കാൻ സഹായകമാകുമെന്നാണ് കുഞ്ഞുമോന്റെ അവകാശവാദം.

Summary: RSP Leninist wing leader Kovoor Kunjumon MLA has demanded a cabinet post in reshuffle 

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News