കോഴിക്കോട് നഗരത്തിലുള്ള ഏക ഫയർ സ്റ്റേഷൻ പ്രവർത്തനം താൽക്കാലികമായി നിർത്തുന്നു; ബദൽ സംവിധാനമൊരുക്കാൻ നടപടിയായില്ല

നഗരത്തിൽ അഗ്നിബാധയോ മറ്റപകടമോ ഉണ്ടായാല്‍ രക്ഷാപ്രവർത്തനം വൈകും

Update: 2023-09-04 03:01 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ ഫയര്‍ ആന്റ് റസ്ക്യൂ സ്റ്റേഷൻറെ പ്രവർത്തനം താൽക്കാലികമായി നിർത്തുന്നു. കെട്ടിടം അപകടാവസ്ഥയിലായതിനാൽ പുതുക്കി പണിയുന്നതിന്റെ ഭാഗമായാണ് നടപടി. സ്റ്റേഷൻ പ്രവർത്തനത്തിന് ബദൽ സംവിധാനം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഇവിടെയുള്ള ജീവനക്കാരെ മറ്റ് സ്റ്റേഷനുകളിലേക്ക് മാറ്റാനാണ് ഫയർഫോഴ്സ് മേധാവിയുടെ ഉത്തരവ്. ഇതോടെ കോഴിക്കോട് നഗരത്തിലുള്ള ഏക ഫയർ സ്റ്റേഷന്റെ പ്രവർത്തനം ഇല്ലാതാകും. 

 ജീവനക്കാര്‍ക്ക് ഒരു തരത്തിലും ജോലിചെയ്യാന്‍ പറ്റാതായതോടെയാണ് കെട്ടിടം പൊളിച്ച് മാറ്റി പുതിയ കെട്ടിടം പണിയാൻ തീരുമാനിച്ചത്. നിർമാണം പൂർത്തിയാകുന്നത് വരെ ഫയർ സ്റ്റേഷൻ താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കാനാണ് തീരുമാനം. എന്നാൽ അതിനായി ഇതുവരെ ഒരു സ്ഥലം കണ്ടെത്താനായിട്ടില്ല. താൽകാലികമായി സ്റ്റേഷൻ പ്രവർത്തനത്തിന് സൗകര്യമൊരുക്കണമെന്ന് കോഴിക്കോട് കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഇതോടെയാണ് ബീച്ച് ഫയർ സ്റ്റേഷനിലുള്ള ജീവനക്കാരെയും യൂണിറ്റുകളെയും കൊയിലാണ്ടി, വെള്ളിമാട് കുന്ന്, മീഞ്ചന്ത ഫയർസ്റ്റേഷനുകളിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

കോഴിക്കോട് മിഠായിതെരുവ്, വലിയങ്ങാടി , ബീച്ച് , പാളയം അടക്കം നഗരപരിധിയിൽ തന്നെ നൂറ് കണക്കിന് ബഹുനിലകെട്ടിടങ്ങളടങ്ങളും വലിയ ആൾ തിരക്കുളള സ്ഥലങ്ങളുമുണ്ട്.   തീപ്പിടിത്തമടക്കമുളള അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് കാലതാമസം വരും. 17 കോടി രൂപയാണ് പുതിയ കെട്ടിടത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഭരണാനുമതി ലഭിച്ച് കെട്ടിടം പണിയാൻ മൂന്ന് വർഷത്തിലധികം സമയമെടുത്തേക്കും. അതുവരെ കോഴിക്കോട് നഗരത്തിൽ ഒരു അഗ്നിരക്ഷാനിലയമില്ലാതാകും.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News