ഐസിയു പീഡനക്കേസ്; പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി
നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളേജ് പൊലീസ് മൊഴിയെടുത്തത്.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഐ സി യു പീഡന കേസിൽ അതിജീവിതയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളേജ് പൊലീസ് മൊഴിയെടുത്തത്. കേസ് അട്ടിമറിക്കാൻ നടന്ന ശ്രമങ്ങളെകുറിച്ച് പോലീസിന് മൊഴി നല്‍കി.
കേസ് അട്ടിമറിക്കുകയാണെന്നും നീതി നിഷേധിക്കുകയുമാണെന്നുമാണ് അതിജീവിത മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നല്‍കിയ പരാതിയിൽ പറയുന്നു. ഇതിനെ തുടര്‍ന്നാണ് ഇവരുടെ പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കിയത്. രാവിലെ ഒമ്പതരയോടെ മെഡിക്കല്‍ കോളേജ് പോലീസ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി. പീഡനം നടത്തിയ ശശീന്ദ്രനെതിരെയും സ്വാധീനിക്കാൻ ശ്രമിച്ച മെഡിക്കല്‍ കോളിജിലെ അഞ്ച് ജീവനക്കാര്‍ക്കെതിരെയും യുവതി മൊഴി നൽകി. പരാതിയെകുറിച്ച് അന്വേഷിച്ച ഗൈനക്കോളജിസ്റ്റ് ഡോ. കെ വി പ്രീതി തന്‍റെ മൊഴി രേഖപ്പെടുത്തിയില്ലെന്ന കാര്യവും അതിജീവിത പോലീസിനോട് പറഞ്ഞു. പരാതി നൽകാൻ പോയപ്പോൾ സിറ്റി പൊലീസ് കമ്മീഷണർ അധിക്ഷേപിച്ചുവെന്നും ഇവർ പറയുന്നു. വീണ്ടും മൊഴി രേഖപെടുത്തിയതിൽ പ്രതീക്ഷയുണ്ടെന്നും അതിജീവിത പറഞ്ഞു.