ജലപാത വഴിയുള്ള ചരക്കു നീക്കം; ഈ മാസം ആരംഭിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം, കൊച്ചി, ബേപ്പൂർ പാതയിലാണ് ആദ്യ ചരക്കു നീക്കം നടത്തുക.
സംസ്ഥാനത്ത് ജലപാത വഴിയുള്ള ചരക്കു നീക്കം ഈ മാസം അവസാനം ആരംഭിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവില്‍. തിരുവനന്തപുരം, കൊച്ചി, ബേപ്പൂർ പാതയിലാണ് ആദ്യം ആരംഭിക്കുക. അഴിക്കോട് വരെയുള്ള ചരക്കുനീക്കം വൈകാതെ ആരംഭിക്കുമെന്ന് മന്ത്രി മീഡിയവണിനോട് പറഞ്ഞു.
ജലഗതാഗതം ഉപയോഗപ്പെടുത്താന്‍ തുടങ്ങിയാല്‍ വളരെ ചുരുങ്ങിയ ചിലവില്‍ ചരക്കു നീക്കം നടത്താന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് ടാങ്കര്‍ ലോറി വഴി ചരക്ക് നീക്കാന്‍ 25000ത്തോളം രൂപ ചിലവ് വരും. ജലപാത ഉപയോഗിക്കുകയാണെങ്കില്‍ 8000 മുതല്‍ 10000 രൂപയാണ് ചിലവാകുക. കണ്ണൂരിലേക്ക് ചരക്ക് നീക്കം നടത്താന്‍ 30000 രൂപയോളം ചിലവു വരുന്നുണ്ട്. ഇതിലും സാരമായ വ്യത്യാസം വരുമെന്ന് മന്ത്രി വ്യക്തമാക്കി.
ആദ്യ ഘട്ടത്തില്‍ ചെറുകിട കപ്പലുകളായിരിക്കും ഉപയോഗിക്കുക. എന്നാല്‍ തുറമുഖത്തിനോട് ചേര്‍ന്ന് ആഴമില്ലാത്തത് വലിയ കപ്പലുകള്‍ക്ക് വെല്ലുവിളിയാണ്. ഇത് പരിഹരിച്ചു കഴിഞ്ഞാല്‍ വലിയ കപ്പലുകള്‍ ഉപയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.