കോഴിക്കോട് മെഡിക്കൽ കോളജിനെതിരായ കുപ്രചരണങ്ങൾ അപലപനീയം: കെ.ജി.എം.സി.ടി.എ
പൊതുജനാരോഗ്യ മേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങളെ നിയമപരമായും ആശയപരമായും സംഘടന നേരിടും
തിരുവനന്തപുരം: കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിനെതിരെ നിരന്തരം വരുന്ന പ്രചരണങ്ങളെ ശക്തമായി അപലപിച്ച് കെ.ജി.എം.സി.ടി.എ. രോഗത്തിനെയും ചികിത്സയേയും പറ്റി രോഗികൾക്കോ കൂട്ടിരിപ്പുകാർക്കോ ഉണ്ടായേക്കാവുന്ന സംശയങ്ങളും പരാതികളും തെറ്റിദ്ധാരണകളും ഡോക്ടർ പോലും അറിയുന്നതിനു മുമ്പ് മാധ്യമങ്ങളിൽ വസ്തുതാവിരുദ്ധമായ രീതിയിൽ അവതരിപ്പിക്കുന്നു. ഈ പ്രവണത പൊതുജന ആരോഗ്യമേഖലയെ ദോഷകരമായി ബാധിച്ചേക്കാമെന്ന് ഭയപ്പെടുന്നതായി കെ.ജി.എം.സി.ടി.എ കോഴിക്കോട് യൂണിറ്റ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഇപ്പോൾ അസ്ഥിരോഗ വിഭാഗവുമായി ബന്ധപ്പെട്ട് നടക്കുന്ന നുണപ്രചരണം അതിന്റെ ഭാഗമായി കാണേണ്ടതാണ്. കൈയിലെ അസ്ഥികൾ പൊട്ടിയ അവസ്ഥയിൽ വന്ന രോഗിക്ക് അസ്ഥികളെ ഉറപ്പിക്കാൻ ശസ്ത്രക്രിയ ചെയ്യേണ്ട ആവശ്യകത പറഞ്ഞ് മനസിലാക്കുകയും പ്ലേറ്റും സ്‌ക്രുവും ഉപയോഗിച്ച് പൊട്ടിയ എല്ലുകളെ ഉറപ്പിക്കുകയും ചെയ്തു. അതിനോടൊപ്പം തന്നെ കൈക്കുഴയിലെ അസ്ഥികൾ തെന്നിപോകാതിരിക്കാൻ താൽക്കാലികമായ കമ്പി ഇടുകയും ചെയ്തു.
ശസ്ത്രക്രിയക്ക് ശേഷം ഏടുത്ത എക്‌സറേയിൽ കൈക്കുഴ തെന്നി പോകാതെ ഇരിക്കാൻ താൽക്കാലികമായി ഇട്ട കമ്പിയുടെ കിടപ്പിൽ ജൂനിയർ ഡോക്ടർക്ക് സംശയം തോന്നുകയും ചിലപ്പോൾ അത് മാറിയിടേണ്ട ആവശ്യകത വന്നേക്കാമെന്ന് രോഗിയെ അറിയിക്കുകയും ചെയ്തു. എന്നാൽ മുതിർന്ന ഡോക്ടറുമായി സംസാരിച്ച ശേഷം അതിന്റെ ആവശ്യമില്ല എന്ന് മനസിലാക്കുകയായിരുന്നു.
വസ്തുതകൾ ഇതാണ്. മാധ്യമങ്ങൾ യാതൊരു അടിസ്ഥാനവുമില്ലാത്ത രിതിയിൽ കമ്പി മാറിയെന്നും വേറെ രോഗിയുടെ കമ്പി ഇട്ടെന്നുമടക്കമുള്ള പച്ചക്കള്ളങ്ങളാണ് പ്രചരിപ്പിച്ചത്. ഇത്തരം വസ്തുതാ വിരുദ്ധമായ പ്രചരണങ്ങളെയും പൊതുജനാരോഗ്യ സംരക്ഷണ മേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങളെ നിയമപരമായും ആശയപരമായും സംഘടന നേരിടുമെന്ന് കോഴിക്കോട് യൂണിറ്റ് പ്രസിഡന്റ് ഡോ. കൃഷ്ണൻ സി, സെക്രട്ടറി ഡോ. അബ്ദുൾ ബാസിത്ത് എന്നിവർ അറിയിച്ചു.