കോഴിക്കോട് സുരക്ഷാ ജീവനക്കാരെ മർദിച്ച സംഭവം: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ഒന്നാം പ്രതി കെ അരുൺ ഉൾപ്പടെ നാല് പേരാണ് മുൻകൂർ ജാമ്യപേക്ഷ നൽകിയത്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിൽ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഒന്നാം പ്രതി കെ അരുൺ ഉൾപ്പടെ നാല് പേരാണ് മുൻകൂർ ജാമ്യപേക്ഷ നൽകിയത്.
കോഴിക്കോട് ജില്ലാ കോടതിയിലാണ് അപേക്ഷ പരിഗണിക്കുക. ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും കേസിലെ ഒന്നാം പ്രതിയുമായ കെ.അരുൺ അടക്കമുള്ള നാല് പേരുടെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കുന്നത്. അരുണടക്കം കണ്ടാലറിയാവുന്ന 12 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാതെ പോലീസ് ഇവരെ സംരക്ഷിക്കുകയാണെന്നാണ് പരക്കെ ആരോപണം. വിഷയത്തിൽ കോൺഗ്രസ് നേതാക്കളടക്കം പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
സെക്യൂരിറ്റി ജീവനക്കാർ മോശമായി പെരുമാറിയെന്ന് കാട്ടി അരുണിന്റെ ഭാര്യയും പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിൽ പോലീസ് അന്വേഷണം തുടരുകയാണ്. മുൻകൂർ ജാമ്യാപേക്ഷ വിധി വരുന്നത് വരെ പ്രതികളെ സംരക്ഷിക്കാനാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. ഇതിൽ പ്രതിഷേധിച്ച് ഇന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തും