കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരം ഇനി പൊലീസിന്‍റെ സിസി ടിവി നിരീക്ഷണത്തില്‍
ആദ്യ ഘട്ടമെന്ന നിലയില്‍ 7 ക്യാമറകളാണ് സ്ഥാപിച്ചത്
കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് പൊലീസ് സിസി ടിവി നിരീക്ഷണം ആരംഭിച്ചു. ആദ്യ ഘട്ടമെന്ന നിലയില്‍ 7 ക്യാമറകളാണ് സ്ഥാപിച്ചത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.വി ജോർജ് പദ്ധതി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള പ്രധാന പാതകളും മെഡിക്കല്‍ കോളജ് കവാടം അത്യാഹിത വിഭാഗത്തിലേക്കുള്ള വഴി എന്നിവ കേന്ദ്രീകരിച്ചാണ് 7 സിസി ടിവി ക്യാമറകകള്‍ സ്ഥാപിച്ചത്. ഇവ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ നിന്ന് നിരീക്ഷിക്കാന്‍ കഴിയുന്ന രീതിയില്‍ സംവിധാനിച്ചിട്ടുണ്ട്. ഏറെ തിരക്കുള്ള ഈ പ്രദേശത്തെ നിരീക്ഷണം കർശനമാക്കാനും കുറ്റകൃത്യങ്ങള്‍ കുറക്കാനും കഴിയുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.
വ്യാപാരികളുടെ സഹകരണത്തോടെയാണ് സിസി ടിവി സ്ഥാപിച്ചത്. മെഡിക്കല്‍ കോളേജ് കാമ്പസിനകത്തെ വിവിധ പ്രദേശങ്ങളിലുള്‍പ്പെടെ കൂടുതല്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. പൊലീസ് സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ മെഡിക്കല്‍ കോളജ് സി.ഐ ബെന്നിലാലു സ്വാഗതം പറഞ്ഞു. എസിപി കെ.സുദർശന്‍ അധ്യക്ഷത വഹിച്ചു.