വടകര താലൂക്ക് ഓഫീസിൽ തീപ്പിടിത്തം; 80 ശതമാനം ഫയലുകൾ കത്തിനശിച്ചു
താലൂക്ക് ഓഫീസിൽ നിന്ന് പഴയ ട്രഷറി കെട്ടിടത്തിലേക്കും തീ പടർന്നിട്ടുണ്ട്
കോഴിക്കോട് വടകരയിൽ താലൂക്ക് ഓഫീസിൽ തീപ്പിടിത്തം. പുലർച്ചെയോടെയുണ്ടായ തീപിടുത്തം ഫയർ ഫോഴ്‌സ് എത്തി അണച്ചു. 80 ശതമാനം ഫയലുകൾ കത്തിനശിച്ചിട്ടുണ്ട്. നാദാപുരം, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്ത് എത്തിയാണ് തീ അണച്ചത്. താലൂക്ക് ഓഫീസിൽ നിന്ന് പഴയ ട്രഷറി കെട്ടിടത്തിലേക്കും തീ പടർന്നിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചതായി എസ്പി എ. ശ്രീനിവാസൻ അറിയിച്ചു. സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, സ്ഥലം സന്ദർശിക്കാനെത്തിയ നാദാപുരം എംഎൽഎ ഇകെ വിജയന് ദേഹാസ്വാസ്ഥ്യമുണ്ടായി. അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് നേരിട്ടെത്തിയത് സംഭവ സ്ഥലത്തേക്കാണ്. യാത്രാക്ഷീണമാണോ കാരണമെന്ന് വ്യക്തമല്ല. വടകര എംഎൽഎ കെ.കെ. രമ, കുറ്റ്യാടി എംഎൽഎ കെപി കുഞ്ഞഹമ്മദ് കുട്ടി എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്.
പഴയ രീതി നിലനിർത്തി താലൂക്ക് ഓഫീസ് കെട്ടിടം നവീകരിച്ചിരുന്നു. വടകര പഴയസ്റ്റാൻഡ് ഭാഗത്താണ് താലൂക്ക് ഓഫിസ്. ട്രഷറിയും കോടതിയുമടക്കം തൊട്ടടുത്ത് നിരവധി പഴയ കെട്ടിടങ്ങളുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. എന്നാൽ ഈ സർക്കാർ തീപിടിച്ച സർക്കാറാണെന്നും അവർ ഭരണമേറ്റ ശേഷം പല ഓഫിസുകൾക്കും തീപിടിച്ചുവെന്നും വടകരയിലെ തീപിടിത്തത്തിൽ സമഗ്ര അന്വേഷണം വേണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിൽ അന്വേഷണം എവിടെയും എത്തിയിട്ടില്ലെന്നും അതിനാൽ വടകരയിലേത് ഒറ്റപ്പെട്ട തീപിടിത്തമായി കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Kozhikode Vadkara taluk office fire