വയനാട് തുരങ്ക പാതയുമായി സർക്കാർ മുന്നോട്ട്; ഫിനാൻഷ്യൽ ബിഡ് തുറന്നു
ചൂരൽമല ഉരുൾപൊട്ടലിനു ശേഷവും ഫിനാൻഷ്യൽ ബിഡ് തുറന്നു
കോഴിക്കോട്: ചൂരൽമല ഉരുൾപൊട്ടലിന് ശേഷവും വയനാട് തുരങ്കപാത പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. ഉരുൾപൊട്ടലിനു ശേഷവും തുരങ്കപാതക്കായി ഫിനാൻഷ്യൽ ബിഡ് തുറന്നു. ടണൽ പാതയുടെ പ്രവർത്തി രണ്ട് പാക്കേജുകളിലായി ടെൻഡർ ചെയ്തു. പദ്ധതിക്കായി 2043 കോടിയുടെ ഭരണാനുമതി നേരത്തെ നൽകിയിരുന്നു. ആകെ ഏറ്റെടുക്കേണ്ടതിന്റെ 90% ഭൂമിയും വയനാട്, കോഴിക്കോട് ജില്ലകളിലായി ഏറ്റെടുത്തു. പാരിസ്ഥിതിക അനുമതിക്കുള്ള അപേക്ഷ സ്റ്റേറ്റ് ലെവൽ എക്സ്പേർട്ട് കമ്മിറ്റിയുടെ പരിഗണനയിലാണെന്നും മന്ത്രി ആർ. ബിന്ദു നിയമസഭയിൽ അറിയിച്ചു. ലിന്റോ ജോസഫ് എംഎല്‍എ നല്‍കിയ സബ്മിഷന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് വേണ്ടിയാണ് ആർ. ബിന്ദു മറുപടി നൽകിയത്.
വയനാട് ചൂരൽമല ദുരന്തപശ്ചാത്തലത്തില്‍ പദ്ധതിയിൽ നിന്നും സർക്കാർ പിന്നോട്ടുപോയേക്കുമെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. 2020 ല്‍ പദ്ധതി പ്രഖ്യാപനം നടത്തിയ ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്ക പാത സർക്കാരിന്റെ സ്വപ്നപദ്ധതികൂടിയാണ്.