പ്രധാന ശത്രു ബി.ജെ.പി; പാർട്ടി പുനഃസംഘടന വേഗത്തിലാക്കാൻ കെ.പി.സി.സി നേതൃയോഗത്തിൽ ധാരണ
പുനഃസംഘടന പൂർത്തിയാക്കാനായില്ലെങ്കിൽ കെ.പി.സി.സി പ്രസിഡന്‍റായി തുടരില്ലെന്ന് കെ സുധാകരൻ ഇന്നലെ അറിയിച്ചിരുന്നു
സുൽത്താൻ ബത്തേരി: പാർട്ടി പുനഃസംഘടന വേഗത്തിലാക്കാൻ കെ.പി.സി.സി നേതൃയോഗത്തിൽ ധാരണയായി. മണ്ഡലം, ബൂത്ത് തലം മുതലുള്ള പുനഃസംഘടന വേഗത്തിലാക്കും. വയനാട്ടിൽ വച്ച് നടക്കുന്ന നേതൃയോഗത്തിലാണ് തീരുമാനം. ബി ജെ പി യെ പ്രധാന ശത്രുവായി പരിഗണിച്ച് പാർട്ടി പരിപാടികൾ കാണണമെന്ന് കോൺഗ്രസ് നയരേഖയിൽ പറയുന്നു. വിവിധ വിഭാഗങ്ങളെ പാർട്ടിയോട് ചേർത്തു നിർത്തുന്ന രീതിയിൽ സോഷ്യൽ എഞ്ചിനീയറിങ് നടത്താനും യോഗത്തിൽ തീരുമാനം ആയി.
പുനഃസംഘടന തടസപ്പെട്ടത് വോട്ട് ചേർക്കലിനെ ബാധിച്ചതായി നേതൃയോഗം വിലയിരുത്തി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകാനും നിർദേശം നൽകിയിട്ടുണ്ട്. എറണാകുളം കേന്ദ്രീകരിച്ച് നേരത്തെ തീരുമാനിച്ച ഏഴംഗ സമിതി ചേർന്ന് പുനഃസംഘടന സംബന്ധിച്ച തർക്കങ്ങള്‍ പരിഹരിക്കും.
പുനഃസംഘടന പൂർത്തിയാക്കാനായില്ലെങ്കിൽ കെ.പി.സി.സി പ്രസിഡന്‍റായി തുടരില്ലെന്ന് കെ സുധാകരൻ ഇന്നലെ അറിയിച്ചിരുന്നു. പോഷക സംഘടനാ നേതാക്കളെ നിയമിക്കുന്നതുപോലും താൻ അറിയുന്നില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു.
എ.ഐ.സി.സിയുടെ തീരുമാനങ്ങള്‍ കെ.പി.സി.സി അധ്യക്ഷനുമായി കൂടിയാലോചിക്കുന്നില്ല. അധ്യക്ഷന്‍ അറിയാതെ നടപ്പിലാക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെ തീരുമാനിച്ചത് കെ.പി.സി.സി പ്രസിഡന്‍റ് അറിഞ്ഞതുപോലുമില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.