പുതിയ മദ്യനയം സര്‍ക്കാരിനും പാര്‍ട്ടിക്കും പണമുണ്ടാക്കാന്‍: കെ. സുധാകരന്‍

വീടുകളും ജോലിസ്ഥലങ്ങളും മദ്യനിര്‍മാണ ശാലകളും ബാറുകളുമായി പരിണമിക്കുന്ന പിണറായി സര്‍ക്കാരിന്റെ പുതിയ മദ്യനയം വന്‍ദുരന്തത്തിലേക്കുള്ള ചുവടുവയ്പാണെന്നും അദ്ദേഹം പറഞ്ഞു.

Update: 2022-03-31 14:01 GMT
Editor : abs | By : Web Desk
Advertising

കേരളം മദ്യത്തില്‍ മുക്കി സര്‍ക്കാരിന്റെ വരുമാനം ഇരട്ടിപ്പിക്കുകയും പാര്‍ട്ടിക്ക് പണമുണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പിണറായി സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വീടുകളും ജോലിസ്ഥലങ്ങളും മദ്യനിര്‍മാണ ശാലകളും ബാറുകളുമായി പരിണമിക്കുന്ന പിണറായി സര്‍ക്കാരിന്റെ പുതിയ മദ്യനയം വന്‍ദുരന്തത്തിലേക്കുള്ള ചുവടുവയ്പാണെന്നും അദ്ദേഹം പറഞ്ഞു.

മദ്യമാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാനമാര്‍ഗം. കഴിഞ്ഞ വര്‍ഷം മദ്യത്തില്‍ നിന്നും പെട്രോളിയം ഉല്പന്നങ്ങളില്‍ നിന്നും ലഭിച്ചത് 22,962 കോടി രൂപയാണ് ലഭിച്ചത്. ഇതില്‍ 55 ശതമാനം (13,730 കോടി) മദ്യത്തില്‍ നിന്നും 45 ശതമാനം (11,234 കോടി) പെട്രോളിയം ഉല്പന്നങ്ങളില്‍ നിന്നുമാണ്. കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് നിരന്തരം വില കൂട്ടുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ വരുമാനം ലഭിക്കുന്നു. അതുപോലെ മദ്യം വ്യാപകമാകുമ്പോള്‍ അതില്‍ നിന്നും കൂടുതല്‍ വരുമാനം ലഭിക്കും. പുതിയ മദ്യശാലകള്‍ തുറക്കാന്‍ കോടികളാണ് വാരിവിതറുന്നതെന്നും സുധാകരന്‍ പറഞ്ഞു.

ഐടിപാര്‍ക്കുകളില്‍ പ്രത്യേക മദ്യശാലകള്‍ തുറക്കുന്നത് യുവജനതയെ മദ്യത്തിലേക്ക് കൂടുതലായി ആകര്‍ഷിക്കും. ഏറെ സമ്മര്‍ദത്തിലും രാത്രി വൈകിയും ജോലി ചെയ്യുന്ന യുവജനത, തൊട്ടടുത്ത് ലഭ്യമാകുന്ന മദ്യത്തിന് അടിമപ്പെടാനുളള സാധ്യത ഏറെയാണ്. കാര്‍ഷികോല്പന്നങ്ങളിൽ നിന്ന് മദ്യവും വൈനും ഉല്പാദിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. നിയന്ത്രിതമായ തോതില്‍ വീട്ടാവശ്യത്തിനാണ് ഇപ്പോള്‍ വൈന്‍ നിര്‍മിക്കുന്നത്. അതു വ്യവസായമാകുമ്പോള്‍ ഉല്പാദനവും ഉപഭോഗവും പതിന്മടങ്ങാകും. ഓരോ വീടും മദ്യനിര്‍മാണ യൂണിറ്റായാലും അത്ഭതുപ്പെടേണ്ടതില്ല. ആങ്ങള ചത്താലും നാത്തൂന്റെ കരച്ചിലു കണ്ടാല്‍ മതി എന്ന പഴഞ്ചൊല്ലുപോലെ കേരളം മദ്യത്തില്‍ മുങ്ങിത്താഴ്ന്നാലും അതില്‍ നിന്നു സര്‍ക്കാരിനും പാര്‍ട്ടിക്കും പണം കിട്ടിയാല്‍ മതിയെന്ന പിണറായി സര്‍ക്കാരിന്റെ നിലപാട് ആത്മഹത്യാപരമാണെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.

കേരള സർക്കാരിന്‍റെ പുതിയ മദ്യനയത്തിനെതിരെ കോൺഗ്രസ് നേതാവ് വി എം സുധീരനും രംഗത്ത് വന്നിരുന്നു. കേരളത്തെ സര്‍വ്വനാശത്തിലേക്കെത്തിക്കുന്ന മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുധീരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി. അതി ഗുരുതരമായ സാമൂഹ്യദുരവസ്ഥയാണ് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനംമൂലം സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന് ചൂണ്ടികാട്ടിയ സുധീരൻ, പുതിയ മദ്യനയം അതിന് ആക്കം കൂട്ടുന്നതാകുമെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

മദ്യശാലകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, ഐ ടി മേഖല ഉള്‍പ്പെടെയുള്ള പുതിയ തലങ്ങളിലേയ്ക്ക് മദ്യവ്യാപനം എത്തിക്കുക, മദ്യ ഉപയോഗത്തിലേയ്ക്ക് പുതിയ ആളുകളെ ആകര്‍ഷിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് വീര്യംകുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കുക, മദ്യ ഉല്‍പ്പാദന യൂണിറ്റുകളുടെ എണ്ണം കൂട്ടുക തുടങ്ങിയ വന്‍തോതിലുള്ള മദ്യവ്യാപന നിര്‍ദ്ദേശങ്ങളടങ്ങിയ പിണറായി സർക്കാരിന്‍റെ പുതിയ മദ്യ നയത്തിൽ തിരുത്തൽ വേണമെന്നും വിഎം സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News