പോർക്കളമായി കെ.എസ്.ഇ.ബി; ചെയർമാനെതിരെ ഓഫീസേഴ്‌സ് അസോസിയേഷന്റെ സത്യഗ്രഹം
സമരം നേരിടാൻ ചെയർമാൻ ഡയസ്‌നോൺ പ്രഖ്യാപിച്ചു
തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ ഇടത് സർവീസ് സംഘടന ഇന്ന് ചെയർമാനെതിരെ സമരം നടത്തും. തിരുവനന്തപുരം ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനീയറായിരുന്ന ജാസ്മിൻ ബാനുവിനെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്. സമരം നേരിടാൻ ചെയർമാൻ ബി.അശോക് ഡയസ്‌നോൺ പ്രഖ്യാപിച്ചു.
രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒന്നു വരെയാണ് കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷൻ പ്രതിഷേധം. ഇത് രണ്ടാം തവണയാണ് ചെയർമാൻ ബി.അശോകനെതിരെ പ്രത്യക്ഷ സമരവുമായി ഇടത് സർവീസ് സംഘടനയെത്തുന്നത്. വനിതാ സത്യാഗ്രഹം നടത്തുന്നതിനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഡയസ്‌നോൺ പ്രഖ്യാപിച്ചതോടെ പൊതു ധർണ നടത്താൻ തീരുമാനിക്കുകയായിരുന്നു. 500 പേരെങ്കിലും പങ്കെടുക്കുമെന്നാണ് സംഘടനയുടെ അവകാശവാദം. കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷൻറെ സംസ്ഥാന ഭാരവാഹി കൂടിയായ ജാസ്മിൻ ബാനുവിനെ അകാരണമായി സസ്‌പെൻറു ചെയ്തതതാണെന്നും സ്ത്രീത്വത്തെ അവഹേളിക്കുന്ന നിലയിൽ ചെയർമാൻ നിലപാട് സ്വീകരിച്ചെന്നുമാണ് സംഘടനയുടെ പരാതി.
ബോർഡ് അനുവാദമില്ലാതെ ജാസ്മിൻ ബാനു ലീവെടുത്ത് സംസ്ഥാനത്തിന് പുറത്തുപോയതിനാണ് സസ്‌പെൻഡ് ചെയ്തതെന്ന് ചെയർമാൻ പറയുമ്പോൾ നിയമാനുസൃതമായിട്ടാണ് ലീവെടുത്തതെന്നും പകരം ചുമതല കൈമാറിയതാണെന്നും സംഘടന വാദിക്കുന്നു. ജീവനക്കാരും ചെയർമാനും തമ്മിൽ തുടരെ തുടരെയുണ്ടാകുന്ന തർക്കം ബോർഡിന്റെ ദൈനംദിന പ്രവർത്തനത്തെ താളം തെറ്റിക്കുകയാണ്. ചെയർമാന്റെ ഏകാധിപത്യ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് ഇടത് സർവീസ് സംഘടനകളും ട്രേഡ് യൂണിയനും മുമ്പ് ദ്വിദിന പണിമുടക്ക് നടത്തിയത് വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു. കെ.എസ്.ഇ.ബിയെ പോർക്കളമാക്കിയതിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി കടുത്ത അതൃപ്തിയിലാണ്.