കെഎസ്ഇബിയിൽ തട്ടിപ്പ് നടത്തിയത് കോൺഗ്രസ് ഭരണകാലത്തെന്ന്; വി.ഡി സതീശന് എംഎം മണിയുടെ മറുപടി
വേണമെങ്കിൽ അന്വേഷണം നടത്തട്ടെയെന്നും തന്റെ കൈകൾ ശുദ്ധമാണെന്നും എംഎം മണി
വിഡി സതീശന്റെ പാർട്ടിയായ കോൺഗ്രസ് ഭരിക്കുമ്പോളാണ് കെഎസ്ഇബി ഏറ്റവും കൂടുതൽ പദ്ധതി അനുവദിച്ചതും തട്ടിപ്പ് നടത്തിയതുമെന്ന് മുൻ വൈദ്യുതി മന്ത്രി എംഎം മണി. ആര്യാടൻ മുഹമ്മദ് വൈദ്യുതി വാങ്ങുന്നതിന് കരാർവച്ച് കോടികളുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. വേണമെങ്കിൽ അന്വേഷണം നടത്തട്ടെയെന്നും തന്റെ കൈകൾ ശുദ്ധമാണെന്നും എംഎം മണി പറഞ്ഞു.
മുൻ ഇടതുസർക്കാറിന്റെ കാലത്ത് കെ.എസ്.ഇ.ബിയിൽ നടന്നത് ഗുരുതര ക്രമക്കേടുകളാണെന്ന ചെയർമാന്റെ ആരോപണത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി രംഗത്തെത്തിയിരുന്നു. വൈദ്യുതി ബോർഡ് ചെയർമാൻ ഡോ.ബി.അശോകിന്റെ പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്നറിയില്ലെന്ന് എം.എം. മണി പറഞ്ഞു. നിലവിലെ വൈദ്യുത മന്ത്രി കൃഷ്ണൻ കുട്ടി ചെയർമാനെക്കൊണ്ട് പറയിച്ചതാണോ എന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം കൂടുതൽ പ്രതികരണം നടത്തുമെന്നും സി.പി.എം സംസ്ഥാന സമിതി അംഗം കൂടിയായ എം.എം മണി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തന്റെ കാലത്ത് പ്രതിസന്ധിയില്ലാതെ വൈദ്യുതി ബോർഡ് പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ വൈദ്യുതി ഭവനിൽ സുരക്ഷാ സേനയെ നിയോഗിക്കേണ്ട നിലയിലെത്തിയിരിക്കുന്നു. നാലരവർഷമാണ് ഞാൻ മന്ത്രിയായത്. അത് കെ.എസ്.ഇ.ബിയുടെ സുവർണ കാലമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
എം.എം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂണിയനുകൾ ബോർഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നുവെന്നാണ് ചെയർമാൻറെ പ്രധാന ആക്ഷേപം. 'കടയ്ക്കു തീപിടിച്ചിട്ടില്ല; നാട്ടുകാർ ഓടിവരേണ്ടതുമില്ല' എന്ന തലക്കെട്ടിൽ കെ.എസ്.ബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലാണ് മുൻ ഇടത് സർക്കാരിൻറെ കാലത്ത് ബോർഡിൽ നടന്ന ക്രമക്കേടുകളെ കുറിച്ച് അദ്ദേഹം പറഞ്ഞത്. സർക്കാരിൻറ മുൻകൂർ അനുമതി തേടാതെ 1200 കോടി അധിക ബാധ്യത വരുത്തുന്ന ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയത്. ടൂറിസം വികസനത്തിന് പല സൊസൈറ്റികൾക്കും ബോർഡിന്റെ അനുമതിയോ സർക്കാർ അനുമതിയോ ഇല്ലാതെ നൂറു കണക്കിന് ഏക്കർ സ്ഥലം പാട്ടത്തിന് നൽകി. വൈദ്യുതി ഭവനിൽ സംസ്ഥാന വ്യവസായ സുരക്ഷ സേനയെ നിയോഗിച്ചത് കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ നിർദേശമനുസരിച്ചാണ്. അതിനെ പോലീസ് രാജ് എന്നു കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണെന്നും ചെയർമാൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചിരുന്നു.
പുതിയ വിശദീകരണവുമായി ചെയർമാൻ
വിവാദത്തിനിടയിൽ താൻ പറയാത്ത കാര്യങ്ങളാണ് പത്രവാർത്തയായി വന്നതെന്ന വിശദീകരണവുമായി കെ.എസ്.ഇ.ബി ചെയർമാൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെയർമാൻ പുതിയ വിശദീകരണവുമായി എത്തിയത്. മുൻ സർക്കാരിന്റെ കാലത്ത് അഴിമതി നടന്നെന്ന് പറഞ്ഞിട്ടില്ല. മൂന്നാറിലെ ഭൂമി പതിച്ചതായി പറഞ്ഞിട്ടില്ലെന്നും മൂന്നാം കക്ഷിക്ക് കൈമാറുമ്പോൾ നടപടിക്രമം പാലിച്ചില്ല എന്നേ പറഞ്ഞൊള്ളൂ എന്നും ചെയർമാൻ ഡോ.ബി.അശോക് ഫേസ്ബുക്കിൽ കുറിച്ചു.
ചെയർമാന്റെ വിശദീകരണ കുറിപ്പ് വായിക്കാം;
പ്രചാരണം വസ്തുതാവിരുദ്ധം. ഇന്നത്തെ ഒരു പ്രമുഖ പത്രത്തിലും ചില സമൂഹ മാധ്യമ പോസ്റ്റുകളിലും എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയാത്ത കാര്യങ്ങളാണ് പരാമർശിച്ചിരിക്കുന്നത്. മൂന്നാറിലെ ഭൂമി പതിച്ചതായോ മുൻ സർക്കാരിന്റെ കാലത്തു അഴിമതി നടന്നെന്നോ എന്റെ പോസ്റ്റിൽ പരാമർശമില്ല. ഭൂമി പാട്ടത്തിനു നൽകുമ്പോൾ, അഥവാ മൂന്നാം കക്ഷിക്ക് കൈമാറുമ്പോൾ ബോർഡിനുള്ളിൽ പാലിക്കേണ്ട ഭരണ നടപടി ക്രമം പാലിച്ചില്ല എന്നേ പറഞ്ഞുള്ളു. പോസ്റ്റുമായി മുൻ മന്ത്രിയെയോ സർക്കാരിനെയോ ബന്ധപ്പെടുത്തിയത് തെറ്റായിട്ടാണ്. പറഞ്ഞിട്ടില്ലാത്തത് 'പറഞ്ഞതായി' പ്രചരിപ്പിക്കുന്നത് തെറ്റാണ്. അന്ന് ഊർജ്ജ സെക്രട്ടറിയായിരുന്ന ഞാനും സർക്കാരിന്റെ ഭാഗവും കാര്യങ്ങൾ അറിയുന്ന വ്യക്തിയുമാണ് എന്ന് സവിനയം ഓർമ്മിപ്പിക്കുന്നു.
അതേസമയം, മുൻ മന്ത്രി എംഎം മണിക്ക് ദക്ഷിണാഫ്രിക്കയിലടക്കം നിക്ഷേപമുണ്ടെന്നും എംഎം മണിക്കും സഹോദരനും ശതകോടിയിലധികം ആസ്തിയുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ പറഞ്ഞു. കെഎസ്ഇബി സംബന്ധിച്ച് പുറത്ത് വന്നിരിക്കുന്നത് മഞ്ഞു മലയുടെ അറ്റം മാത്രമാണെന്നും സർക്കാർ ഖജനാവിന് വലിയ നഷ്ടം ഉണ്ടായ നടപടികളാണ് സ്വീകരിച്ചതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. മന്ത്രിയെ നോക്കുകുത്തിയാക്കി സിഐടിയു ആണ് ഭരണം നടത്തുന്നതെന്നും പറഞ്ഞു. ബിജെപിക്ക് ഇത്തവണ 22 വനിതാ മണ്ഡലം പ്രസിഡന്റുമാരുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
KSEB was cheated during the Congress rule; MM Mani's reply to VD Satheesan