ഇലക്ട്രിക് സ്‌റ്റേഷനിലെ ജിബിടി ചാർജർ; ഏത് ചാർജറുമാകാം, സംസ്ഥാനത്തിന്റെ വാദം പൊളിയുന്നു
കേന്ദ്ര മാനദണ്ഡം 2019 ല്‍ മാറ്റിയതിന് ശേഷം 2020ലാണ് കെ.എസ്.ഇ.ബി ചാർജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ടെന്‍ഡർ വിളിക്കുന്നത്
കോഴിക്കോട്: കേന്ദ്ര മാനദണ്ഡമനുസരിച്ചാണ് ഇലക്ട്രിക വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനില്‍ പഴയ രീതിയിലുള്ള ചാർജിങ് യൂണിറ്റ് ഉപയോഗിക്കുന്നതെന്ന കെ എസ് ഇ ബി വാദം പൊളിയുന്നു. കേന്ദ്ര മാനദണ്ഡം 2019 ല്‍ മാറ്റിയതിന് ശേഷം 2020ലാണ് കെ.എസ്.ഇ.ബി ചാർജിങ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ടെന്‍ഡർ വിളിക്കുന്നത്. ഇതോടെ ചാർജിങ് കേന്ദ്രത്തിലെ യൂണിറ്റുകള്‍ ഉപയോഗശൂന്യമായതിന് പിന്നില്‍ കെ.എസ്.ഇ.ബിയുടെ പിടിപ്പുകേടെന്ന ആരോപണം ശക്തമായി.
കെഎസ്ഇബിയുടെ ചാർജിംഗ് കേന്ദ്രങ്ങളിൽ കൂടുതലായി ഉപയോഗിക്കുന്നത് ജിബിടി എന്നറിയപ്പെടുന്ന ചാർജിംഗ് യൂണിറ്റുകളാണ്. എന്നാൽ കേരളത്തിലിറങ്ങുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് സിസിഎച്ച് എന്ന ചാർജിംഗ് രീതിയാണുള്ളത്. എന്തുകൊണ്ട് ജിബിടി ഉപയോഗിക്കുന്നു എന്നതിന് കേന്ദ്രത്തിന്റെ മാനദണ്ഡം മൂലം എന്നായിരുന്നു കെഎസ് ഇബിയുടെ മറുപടി. എന്നാൽ ഈ വാദത്തെ പൊളിക്കുന്ന തരത്തിലാണ് ഇപ്പോൾ പുറത്തുവരുന്നത്
ജിബിടി എന്നറിയപ്പെടുന്ന ഭാരത് DC 1 മോഡല്‍ ഉള്‍പ്പെടെ കേന്ദ്ര നിർദേശപ്രകാരമുള്ള ചാർജർ ഉള്‍ക്കൊള്ളുന്നതാകണം ചാർജിംഗ് സ്റ്റേഷനെന്നായിരുന്നു 2018 ലെ കേന്ദ്ര മാർഗനിർദേശത്തിലുളളത്. എന്നാല്‍ 2019 ല്‍ ഇറങ്ങിയ പുതിയ മാർഗ നിർദേശത്തില്‍ ഏത് തരത്തിലുള്ള ചാർജറും ആകാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ചാർജിങ് സ്റ്റേഷന്‍ സ്ഥാപിക്കാനായി കെ എസ് ഇ ബി ടെന്‍ഡർ വിളിക്കുന്നത് 2020 സെപ്റ്റംബറിലാണ്. അതായത് കേന്ദ്ര മാനദണ്ഡം മാറിയതിന് ശേഷം. പിന്നെന്തിനാണ് ഉപയോഗശൂന്യമായ ചാർജർ സ്ഥാപിച്ചതെന്ന ചോദ്യമാണ് ഉപഭോക്താക്കള്‍ ചോദിക്കുന്നത്. ഒന്നുകില്‍ ചാർജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതില്‍ കെ എസ് ഇ ബി കടുത്ത അശ്രദ്ധകാണിച്ചു. അല്ലെങ്കില്‍ ബോധപൂർവമായ ഇടപെടല് നടന്നു. രണ്ടിനും കെ എസ് ഇ ബി തന്നെയാണ് മറുപടി പറയേണ്ടത്