പാട്ടു കേൾക്കണമെങ്കിൽ ശബ്ദം കുറക്കണം; ഉച്ചത്തിൽ പാട്ടുവെക്കുന്നതും സിനിമ കാണുന്നതും വിലക്കി കെ.എസ്.ആർ.ടി.സി
മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി
കെ.എസ്.ആർ.ടി.സി ബസുകളിൽ ഉച്ചത്തിൽ മൊബൈൽ ഫോണുകളിലടക്കം പാട്ടുവെക്കുന്നതും ശബ്ദം പുറത്തേക്ക് കേൾക്കുന്ന രീതിയിൽ വീഡിയോകൾ കാണുന്നതും നിരോധിച്ച് സി.എം.ഡി.യുടെ ഉത്തരവ്. യാത്രക്കാരിൽ ചിലർ ഉച്ചത്തിൽ പാട്ടുവെക്കുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ നടപടിയെന്ന് സി.എം.ഡി ബിജുപ്രഭാകര്‍. മൊബൈൽ ഫോണുകളിലാണ് കൂടുതൽ പേരും ഉച്ചത്തിൽ പാട്ടുവെക്കുന്നത്. എന്നാൽ പാട്ടുകേൾക്കാനുപയോഗിക്കുന്ന എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഉത്തരവ് ബാധകമാണ്. ഉത്തരവ് സംബന്ധിച്ച നിർദേശം ബസിൽ എഴുതി പ്രദർശിപ്പിക്കും. ഇതു സംബന്ധിച്ചുണ്ടാകുന്ന പരാതികൾ ബസിലെ കണ്ടക്ടർമാർ സംയമനത്തോടെ പരിഹരിക്കുകയും നിർദേശങ്ങൾ പാലിക്കാൻ യാത്രക്കാരോട് അഭ്യർത്ഥിക്കുകയും ചെയ്യുമെന്ന് സി.എം.ഡി വാർത്ത കുറിപ്പിൽ അറിയിച്ചു.
ചിലർ മൊബൈൽ ഫോണിലൂടെ ഉച്ചത്തിൽ സംസാരിക്കുന്നതിനെതിരെയും നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ഇതും പരിഹരിക്കാൻ ശ്രമം നടത്തും. എല്ലാ യാത്രക്കാരുടെയും താൽപര്യങ്ങൾ സംരക്ഷിച്ച് സുരക്ഷിതമായ യാത്ര എല്ലാവർക്കും ഉറപ്പുവരുത്തുകയാണ് കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉച്ചത്തിൽ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും വിലക്കി കർണാടക ആർ.ടി.സി കഴിഞ്ഞ വർഷം ഉത്തവിട്ടിരുന്നു. രാത്രി ട്രെയിൻ യാത്രയിലും ഉച്ചത്തിൽ പാട്ടുവെക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.