യാത്രക്കാരന് ഹൃദയാഘാതം; ആശുപത്രിയിലേക്ക് റൂട്ടുമാറ്റി കെ.എസ്.ആർ.ടി.സി
അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട രോഗി അപകടനില തരണം ചെയ്‌തെന്ന് അറിഞ്ഞ ശേഷമാണ് ബസ് മടങ്ങിയത്
കോഴിക്കോട്: യാത്രക്കാരനു നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് ആശുപത്രിയിലേക്ക് വിട്ട് ഡ്രൈവര്‍. ചേർത്തലയിൽനിന്ന് കോഴിക്കോട്ടേക്കു വരികയായിരുന്ന കെ.എൽ 15 എ 71 നമ്പർ കെ.എസ്.ആർ.ടി.സി ബസിലാണ് സംഭവം.
വയനാട് സ്വദേശിയായ കുട്ടമണി(45)ക്കാണ് ബസിൽ ഹൃദയാഘാതമുണ്ടായത്. ബസ് രാമനാട്ടുകരയിലെത്തിയപ്പോഴായിരുന്നു പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടത്. വിവരം അറിഞ്ഞ കണ്ടക്ടറും ഡ്രൈവറും ബസ് ഉടൻ അടുത്തുള്ള ആശുപത്രിയിലേക്ക് വിടുകയായിരുന്നു.
ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് രോഗിയെ എത്തിച്ചത്. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട രോഗി അപകടനില തരണം ചെയ്‌തെന്ന് അറിഞ്ഞ ശേഷമാണ് ബസ് മടങ്ങിയതെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്നു കുട്ടമണി. ഇദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് വിവരം.
Summary: After the passenger felt chest pain, the KSRTC bus took the patient to the hospital in Ramanattukara, Kozhikode