ബസ് തടഞ്ഞ് സച്ചിൻദേവ് എംഎൽഎ അസഭ്യം പറഞ്ഞു, ജോലി തെറിപ്പിക്കുമെന്ന് ഭീഷണി; കെഎസ്ആർടിസി ഡ്രൈവർ യദു
കാർ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പോലീസിന് പരാതി നൽകിയെങ്കിലും കേസെടുത്തിട്ടില്ല
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആർടിസി ഡ്രൈവർ യദു. മേയറുടെ കാർ ഇടത് വശത്തൂടെ മറികടക്കാൻ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിൻ ദേവ് എം എൽ എ അസഭ്യം പറഞ്ഞു. മേയർ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിൻ ദേവ് എംഎൽഎ ബസിൽ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേർന്ന് ഭീഷണിപ്പെടുത്തിയതായും യദു മീഡിയവണിനോട് പറഞ്ഞു.
'പട്ടം സ്റ്റോപ്പിൽ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാൻ. രണ്ടുകാറുകൾ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാർ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നിൽ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാൻ നിർത്തുമ്പോൾ പുറകിൽ ബ്രെക്ക് ചെയ്ത നിർത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്നലിൽ എത്തിയപ്പോൾ ആ കാർ സീബ്രാ ക്രോസിൽ കൊണ്ടിട്ട് ഒരാൾ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎൽഎ ആണെന്ന കാര്യം എനിക്കറിയില്ല. കയർത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയർ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവർ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടർന്നായിരുന്നു ഭീഷണി."; യദു പറയുന്നു.
തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാർ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പോലീസിന് പരാതി നൽകിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആർ.ടി.സി ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി തിരുവനന്തപുരത്ത് പാളയത്തുവെച്ചായിരുന്നു സംഭവം. മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു മേയറും കെ.എസ്.ആർ.ടി.സി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്പോരുണ്ടായത്.