കെഎസ്ആർടിസി ശമ്പള വിതരണം: ഗതാഗതമന്ത്രി-സിഐടിയു ചർച്ച അവസാനിച്ചു
സമരത്തിൽ നിന്ന് തൽക്കാലം പിൻമാറിയെന്ന് സിഐടിയു
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പളവിതരണവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി ആന്റണി രാജു സിഐടിയുവുമായി നടത്തിയ ചർച്ച അവസാനിച്ചു. 18ന് വീണ്ടും ചർച്ച നടത്തും. ഇതിന് ശേഷമായിരിക്കും സമരപരിപാടികൾ തീരുമാനിക്കുക.
ഗഡുക്കളായി ശമ്പളം നൽകുന്നതിനെതിരെ ശക്തമായ നിലപാടാണ് ചർച്ചയ്ക്കകത്തും സിഐടിയുവിന്റെ സംഘടനയായ കെഎസ്ആർടിഇഎ സ്വീകരിച്ചത്. എന്നാൽ ധനപ്രതിസന്ധി മന്ത്രി ചൂണ്ടിക്കാട്ടി. ഈ മാസത്തെ പകുതി ശമ്പളമാണ് ജീവനക്കാർക്ക് ആദ്യ ഗഡുവായി നൽകിയിരിക്കുന്നത്. ഇതു തന്നെ ജനുവരി മാസത്തെ സർക്കാരിന്റെ ധനസഹായമാണ്. ശമ്പളം മുഴുവൻ ആദ്യഘട്ടത്തിൽ നൽകുന്നതിനുള്ള വരുമാനം നിലവിൽ കെഎസ്ആർടിസിക്കില്ലെന്നും അതിനാൽ ശമ്പളവിതരണ സംവിധാനത്തോട് സഹകരിക്കണമെന്നുമാണ് മന്ത്രി സിഐടിയുവിനോട് അഭ്യർഥിച്ചത്. ഇക്കാര്യത്തിൽ എന്ത് നടപടി വേണമെന്നത് 18ാം തീയതി നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും.
14,15 തീയതികളിൽ കെഎസ്ആർടിഇഎയുടെ ഭാരവാഹി യോഗവും ചേരുന്നുണ്ട്. എന്തൊക്കെ സമരപരിപാടികൾ വേണമെന്ന കാര്യമടക്കം ഈ യോഗത്തിൽ ചർച്ച ചെയ്യും. ഇതിന് ശേഷമാവും വീണ്ടും മന്ത്രിയുമായുള്ള കൂടിക്കാഴ്ച. തത്ക്കാലം അതുവരെയുള്ള സമരപരിപാടികളിൽ നിന്ന് മാറി നിൽക്കാനാണ് സിഐടിയുവിന്റെ തീരുമാനം.
ടിഡിഎഫ്, ബിഎംഎസ് യൂണിയനുകൾ സംയുക്ത സമരത്തെ കുറിച്ച് ആലോചിക്കുന്നതിനെക്കുറിച്ചുള്ള കത്ത് നൽകിയിട്ടുണ്ട്. ഇക്കാര്യവും ചർച്ച ചെയ്യുമെന്നാണ് സിഐടിയു അറിയിച്ചിരിക്കുന്നത്.