ഇലക്ട്രിക് ബസുകളിലേക്ക് ചുവടുമാറ്റി കെ.എസ്.ആർ.ടി.സി; അഞ്ച് ബസുകൾ ഹരിയാനയിൽ നിന്ന് പുറപ്പെട്ടു
നഷ്ടത്തിലുള്ള റൂട്ടുകളിലാണ് ആദ്യം ഇലക്ട്രിക് ബസുകൾ നൽകുക
തിരുവനന്തപുരം: കെഎസ്ആർടിസി സിറ്റി സർക്കുലർ സർവീസിനായി തിരുവനന്തപുരത്ത് ഇലക്ട്രിക് ബസുകൾ എത്തുന്നു. ഹരിയാനയിലെ ഫാക്ടറിയിൽ നിന്നാണ് 5 ബസുകൾ പുറപ്പെട്ടത്. പത്ത് ബസുകൾ കൂടി ഉടനെത്തും. സിറ്റി സർക്കുലർ സർവീസ് ലാഭത്തിലാക്കുന്നതിനാണ് ഇലക്ട്രിക് ബസിലേക്ക് ചുവടു മാറ്റം.
ഇപ്പോൾ ലോ ഫ്‌ലോർ ബസുകളാണ് സിറ്റി സർക്കുലറിനായി സർവീസ് നടത്തുന്നത്. നഷ്ടത്തിലുള്ള റൂട്ടുകളിലാണ് ആദ്യം ഇലക്ട്രിക് ബസുകൾ നൽകുക. അവിടങ്ങളിൽ സർവീസ് നടത്തുന്ന റെഡ് ബസുകളെ ഷട്ടിൽ സർവീസിലേക്ക് നിയോഗിക്കും. ഹരിയാനയിൽ നിന്ന് പുറപ്പെട്ട ബസുകൾ മൂന്ന് ദിവസം കൊണ്ട് തിരുവനന്തപുരത്ത് എത്തുമെന്നാണ് അധികൃതർ അറിയിച്ചത്. ആദ്യ ഘട്ടത്തിൽ യാത്രക്കാരില്ലാത്തതിന്റെ പേരിൽ ഏറെ പഴികേട്ട സർക്കുലർ നില മെച്ചപെടുത്തുകയാണ്. പ്രതിദിനം 25,000 പേർ സിറ്റി സർക്കുലറിന്റെ മാത്രം യാത്രക്കാരായി മാറിയെന്നാണ് കെ.എസ്.ആർ.ടി.സി. പുറത്തുവിട്ട പുതിയ കണക്ക് പറയുന്നത്. പ്രതിദിന കളക്ഷനും രണ്ടര ലക്ഷം രൂപയായി.