കുഞ്ഞിന്റെ ചികിത്സാ സഹായത്തിന്‍റെ പേരില്‍ പണം തട്ടിയെടുത്തു; യുവതി അറസ്റ്റില്‍
കൊറ്റൻകര മാമ്പുഴ സ്വദേശി സൂര്യശ്രീയാണ് കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്
കൊല്ലം: കുണ്ടറയിൽ നിർധന കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയെടുത്ത യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ ചികിൽസയ്ക്ക് സഹായം നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പ്രതി മുൻപും സമാന തട്ടിപ്പുകൾ നടത്തിയിട്ടുണ്ട് എന്ന് പോലീസ്.
കുണ്ടറയിൽ താമസിക്കുന്ന നിർധന കുടുംബത്തിലെ രോഗിയായ അഞ്ചു വയസുള്ള കുഞ്ഞിന് ചികിത്സാസഹായം വാങ്ങിക്കൊടുക്കാം എന്ന പേരിൽ ആയിരുന്നു തട്ടിപ്പ്. കൊറ്റൻകര മാമ്പുഴ സ്വദേശി സൂര്യശ്രീയാണ് കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ കുടുംബവുമായി അടുത്തിടപഴകിയ സൂര്യശ്രീ ധനസഹായം സമാഹരിക്കാനായി കുഞ്ഞിന്റെ അമ്മയുടെ അക്കൗണ്ട് നമ്പറും ഒപ്പം സ്വന്തം മൊബൈൽ നമ്പറുമാണ് പ്രചരിപ്പിച്ചത്.
സ്വന്തം നമ്പരിലേക്ക് കുഞ്ഞിന് കിട്ടിയ ചികിത്സാസഹായം മുഴുവൻ സൂര്യശ്രീ കൈവശപ്പെടുത്തിയെന്ന കുടുംബത്തിന്റെ പരാതിയിലാണ് അറസ്റ്റ് . കുട്ടിയുടെ ചികിത്സയ്ക്കായി വരുമാനമാർഗം എന്ന നിലയിൽ തുടങ്ങിയ ഹോട്ടലും കുടുംബത്തെ കബളിപ്പിച്ച് സ്വന്തമാക്കിയിരുന്നു. ചികിത്സാസഹായം, ഭവന നിർമാണ സഹായം എന്നിങ്ങനെ നിർധനരായ ആളുകളെ ചൂഷണം ചെയ്യുന്നതാണ് സൂര്യശ്രീയുടെ പതിവെന്ന് പൊലീസ് പറഞ്ഞു.