കുന്ദമംഗലം ഗവൺമെന്റ് കോളജിൽ അടുത്ത മാസം വീണ്ടും തെരഞ്ഞെടുപ്പ് നടത്തുമെന്ന് റിട്ടേണിങ് ഓഫീസർ

കോളജ് അധികൃതർ യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൂട്ട് നിൽക്കുകയാണെന്ന് ആരോപിച്ച് യു.ഡി.എസ്.എഫ് പ്രവർത്തകർ കുന്ദംഗലത്ത് ഏകദിന ഉപവാസവും സംഘടിപ്പിച്ചു.

Update: 2023-11-08 01:06 GMT
Advertising

കോഴിക്കോട്: കുന്ദമംഗലം ഗവൺമെന്റ് കോളജിൽ വിദ്യാർഥി സംഘർഷത്തെ തുടർന്ന് മാറ്റിവെച്ച യൂണിയൻ തെരഞ്ഞെടുപ്പ് അടുത്ത മാസം നടത്തുമെന്ന് റിട്ടേണിങ് ഓഫീസർ. ഫലം പ്രഖ്യാപിക്കാൻ കഴിയാത്ത രീതിയിൽ തെരഞ്ഞെടുപ്പ് പ്രതിസന്ധിയിലായെന്ന് കോളജ് വൈസ് പ്രിൻസിപ്പൽ പറഞ്ഞു. അതേസമയം ഇപ്പോൾ കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് യു.ഡി.എസ്.എഫ് പ്രതിഷേധം ശക്തമാണ്.

കുന്ദമംഗലം ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പിന് ശേഷം വോട്ട് എണ്ണുന്നതിനിടെയാണ് എസ്.എഫ്.ഐ - യു.ഡി.എസ്.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. തുടർന്ന് തെരഞ്ഞെടുപ്പ് വീണ്ടും നടത്താൻ തീരുമാനിച്ച കോളജ് അധികൃതർ 10 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു. മാറ്റിവെച്ച തെരഞ്ഞെടുപ്പ് അടുത്ത മാസം ആദ്യം നടത്താനാണ് കോളജ് അധികൃതരുടെ തീരുമാനം.

കോളജ് അധികൃതർ യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൂട്ട് നിൽക്കുകയാണെന്ന് ആരോപിച്ച് യു.ഡി.എസ്.എഫ് പ്രവർത്തകർ കുന്ദംഗലത്ത് ഏകദിന ഉപവാസവും സംഘടിപ്പിച്ചു. പ്രക്ഷോഭം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. വിഷയത്തിൽ യു.ഡി.എസ്.എഫ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ടാബുലേഷൻ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകി. ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News