കുതിരവട്ടത്തു നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പൂനം ദേവി വേങ്ങരയിൽ പിടിയിൽ
ഭർത്താവിനെ ഉടുത്ത സാരി കൊണ്ട് കഴുത്തുഞരിച്ചു കൊന്ന കേസിലെ പ്രതിയാണ് പൂനം ദേവി
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പൂനം ദേവി മലപ്പുറം വേങ്ങരയിൽ പിടിയിൽ. വേങ്ങര സഞ്ചിത് പാസ്വാൻ വധക്കേസിലെ പ്രതിയാണിവർ. ഞായറാഴ്ച പുലർച്ചെ പന്ത്രണ്ടേകാലോടെയാണ് ഇവർ ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ കുത്തിയിളക്കി രക്ഷപ്പെട്ടത്. ഇന്നലെയാണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.
രാവിലെ ഏഴരയ്ക്ക് കോഴിക്കോട്ടു നിന്ന് ബസ് വഴിയാണ് ഇവർ വേങ്ങരയിലെത്തിയത്. ബസ്സിറങ്ങിയപ്പോൾ തന്നെ പൊലീസ് ഇവരെ കണ്ടെത്തി. അന്തേവാസി പുറത്തുകടന്നത് മറ്റു അന്തേവാസികൾ അറിഞ്ഞിരുന്നു. കുഞ്ഞിനെ കാണാനെന്ന് പറഞ്ഞാണ് ഇവര്‍ പുറത്തു കടന്നത്.
മാനസികാസ്വാസ്ഥ്യമുള്ളതിനാൽ വിശദ ചികിത്സ വേണമെന്ന ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഇവരെ മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. വൈദ്യപരിശോധനകൾക്ക് ശേഷം ഫോറൻസിക് വാർഡിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്. ഓരോ മണിക്കൂറും സുരക്ഷാ പരിശോധന നടക്കുന്ന സ്ഥലമാണിത്. കാമുകനോടൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്.
ജനുവരി 31ന് രാത്രിയായിരുന്നു സംഭവം. ഇരുകൈകളും തോർത്തു കൊണ്ട് കൂട്ടിക്കെട്ടി ഉടുത്ത സാരിയുടെ മുന്താണി ഉപയോഗിച്ച് കുരുക്കുണ്ടാക്കി കഴുത്തുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയും കുട്ടികളുമുള്ള നാട്ടുകാരനുമായി പ്രണയത്തിലായിരുന്നു പൂനം ദേവി. ഇതിൽ നിന്ന് ഭാര്യയെ പിന്തിരിപ്പിക്കാൻ പാസ്വാൻ പൂനത്തെയും അഞ്ചു വയസ്സുള്ള മകനെയും ജോലി സ്ഥലമായ വേങ്ങരയിലേക്ക് കൊണ്ടുവരികയായിരുന്നു. എന്നാൽ ഫോൺ വഴി യുവാവുമായുള്ള ബന്ധം ഇവർ തുടർന്നു. ഇതിന് പിന്നാലെയാണ് സഞ്ചിത്തിനെ ഇവര്‍ കൊല്ലാൻ തീരുമാനിച്ചത്.