കെ.വൈ.സി അപ്ഡേറ്റ് എന്ന പേരില്‍ തട്ടിപ്പുസംഘം ഒരു ലക്ഷം തട്ടി; സൈബര്‍ സെല്ലിന്‍റെ ഇടപെടലിലൂടെ യുവാവിന് പണം തിരികെകിട്ടി

കെ.വൈ.സി അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ സിം കണക്ഷൻ വിച്ഛേദിക്കുമെന്നായിരുന്നു സന്ദേശം

Update: 2022-12-20 11:34 GMT
Advertising

കൊച്ചി: മൊബൈൽ സിമ്മിന്‍റെ കെ.വൈ.സി അപ്ഡേറ്റ് ചെയ്യാൻ പറഞ്ഞെത്തിയ മെസേജിന് മറുപടി നൽകിയതിലൂടെ തട്ടിപ്പുസംഘം കൈക്കലാക്കിയ ഒരു ലക്ഷം രൂപ യുവാവിന് തിരികെ ലഭിച്ചു. നാല് മാസത്തെ അന്വേഷണത്തിനൊടുവിൽ എറണാകുളം റൂറൽ ജില്ലാ സൈബർ സെൽ ആണ് വൈപ്പിന്‍ സ്വദേശിയായ യുവാവിന് പണം തിരികെയെടുത്ത് നൽകിയത്.

കെ.വൈ.സി അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ സിം കണക്ഷൻ വിച്ഛേദിക്കുമെന്നായിരുന്നു സന്ദേശം. വിശദാംശങ്ങൾ അറിയുന്നതിന് ബന്ധപ്പെടാൻ കമ്പനിയുടേതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഒരു മൊബൈൽ നമ്പർ നൽകിയിരുന്നു. മൊബൈൽ കണക്ഷൻ വിച്ഛേദിച്ചാലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഓർത്ത് യുവാവ് ഉടനെ തന്നെ നമ്പറിൽ ബന്ധപ്പെട്ടു. മൊബൈൽ കമ്പനിയുടെ ജീവനക്കാർ എന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുസംഘം യുവാവുമായി ഫോണിൽ സംസാരിച്ചത്. മൊബൈൽ കമ്പനിയുടേതെന്ന് പറഞ്ഞ് ഒരു ആപ്ലിക്കേഷൻ എത്രയും പെട്ടെന്ന് ഡൗൺലോഡ് ചെയ്യാൻ സംഘം ആവശ്യപ്പെട്ടതനുസരിച്ച് യുവാവ് ആപ്പ് ഡൗൺലോഡ് ചെയ്തു. തുടർന്ന് 15 രൂപ ആപ്പിലൂടെ ചാർജ് ചെയ്യാൻ പറഞ്ഞു. ചാർജ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ അക്കൗണ്ടിൽ നിന്നും രണ്ട് പ്രാവശ്യമായി ഒരു ലക്ഷത്തോളം രൂപ തട്ടിപ്പുസംഘം കൈക്കലാക്കി.

ഉടനെ യുവാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. എസ്.പി അന്വേഷണം സൈബർ സെല്ലിന് കൈമാറി. തട്ടിയെടുത്ത തുക ഉപയോഗിച്ച് സംഘം എയർ ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നുവെന്ന് അന്വഷണ സംഘം കണ്ടെത്തി. ഉടൻ തന്നെ സെൽ ഇടപെട്ട് ഇടപാടുകൾ മരവിപ്പിക്കുകയും നഷ്ടപ്പെട്ട തുക യുവാവിന്‍റെ അക്കൗണ്ടിലേക്ക് തിരികെ എത്തിക്കുകയും ചെയ്തു. എ.എസ്.ഐ ടി.ബി.ബിനോയി, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ആർ.രാഹുൽ, സി.പി.ഒ സി.എ.ജെറീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News